പശ്ചിമേഷ്യ സമാധാനത്തിലേക്ക് തിരികെ വരുമെന്ന ശുഭപ്രതീക്ഷ നൽകി ഖത്തർ പ്രധാനമന്ത്രിയും യുഎസ് പ്രസിഡന്റും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച വാഷിങ്ടണിൽ പൂർത്തിയായി. ചർച്ചകളിൽ പുരോഗതിയുണ്ടെന്നും തൽക്കാലം ഇറാനെ ആക്രമിക്കില്ലെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. അതേസമയം,മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ കുവൈത്ത് ആസ്ഥാനമായി സംയുക്ത സൈനിക സേനയ്ക്ക് രൂപം നൽകാൻ ജിസിസി പ്രതിരോധ മന്ത്രിമാർ തീരുമാനിച്ചു.
വൈറ്റ്ഹൗസിൽ നേരിട്ടെത്തി ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽ താനി പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ച, പശ്ചിമേഷ്യൻ സമാധാന നീക്കങ്ങളിലെ നിർണ്ണായക വഴിത്തിരിവായി. ചർച്ചകൾ ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും മധ്യസ്ഥ ശ്രമങ്ങളിലൂടെ യുദ്ധം ഒഴിവാക്കാൻ സാഹചര്യമൊരുങ്ങിയെന്നും ട്രംപ് പ്രതികരിച്ചു. മടക്കയാത്രയിൽ ഫ്രാൻസിലിറങ്ങിയ ഖത്തർ പ്രധാനമന്ത്രി,യൂറോപ്യൻ-സൗദി വിദേശകാര്യ മന്ത്രിമാരെ ചർച്ചകളുടെ പുരോഗതി ധരിപ്പിച്ചു. എട്ടുമാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഗൾഫ് രാജ്യങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും അതിനാൽ വെടിനിർത്തൽ തുടരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. എന്നാൽ, തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ അംഗീകരിക്കാതെ നേരിട്ടുള്ള ചർച്ചയ്ക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ.
എണ്ണ കയറ്റുമതിക്കുള്ള ഉപരോധം പിൻവലിക്കുക, മരവിപ്പിച്ച സ്വത്തുക്കൾ വിട്ടുനൽകുക, നാവിക ഉപരോധവും ഗാസ-ലബനൻ യുദ്ധങ്ങളും അവസാനിപ്പിക്കുക തുടങ്ങിയ നിബന്ധനകൾ അംഗീകരിച്ചാൽ രണ്ടാം ദിവസം ഹോർമുസ് കടലിടുക്ക് തുറക്കാമെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി വ്യക്തമാക്കി.അതിനിടെ, മേഖലയിലെ വർദ്ധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികൾ ഒറ്റക്കെട്ടായി നേരിടാൻ ജിസിസി രാജ്യങ്ങൾ പുതിയ സംയുക്ത സൈനിക സേനയ്ക്ക് രൂപം നൽകി. സേനയുടെ പുതിയ ആസ്ഥാനം കുവൈത്തിൽ സ്ഥാപിക്കാൻ പ്രതിരോധ മന്ത്രിമാരുടെ യോഗം തീരുമാനിച്ചു. മറുഭാഗത്ത്, സൗദി തലസ്ഥാനമായ റിയാദ് ലക്ഷ്യമിട്ട് ഹൂതികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകളും എണ്ണപ്പാടങ്ങളിലേക്ക് എത്തിയ ഡ്രോണുകളും സഖ്യസേന തകർത്തു. ഹൂതി ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച അരാംകോ അഡ്മിനിസ്ട്രേറ്റീവ് മന്ദിരം സൗദി ഡെപ്യൂട്ടി ഗവർണർ സന്ദർശിച്ചു.