brisbane-hate-crime

ഓസ്ട്രേലിയയിലെ ബ്രിസ്ബേനില്‍ ഇന്ത്യന്‍ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കൗമാരക്കാരന്‍ പിടിയില്‍. വീടോടെ കത്തിക്കുമെന്നായിരുന്നു 19കാരന്‍റെ ഭീഷണി. ഭയന്നുപോയ കുടുംബം രാജ്യം വിടാനൊരുങ്ങി.  കുടുംബാംഗങ്ങളുടെ പരാതിയെ തുടര്‍ന്നാണ്   ബ്രിസ്ബേന്‍ പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് ഹാര്‍ലി ആഡം(19)സിനെ പൊലീസ് പിടികൂടി. വംശീയ അധിക്ഷേപം നടത്തിയെന്ന് തെളിഞ്ഞതോടെ 'വിദ്വേഷക്കുറ്റം' ചുമത്തി.

ഓസ്ട്രേലിയയില്‍ ഇനി തുടരാന്‍ ഭയമാണെന്ന് കാണിച്ച് ഇന്ത്യന്‍ കുടുംബം അവര്‍ താമസിച്ചിരുന്ന വീടിന്‍റെ വാടകക്കരാര്‍ റദ്ദാക്കന്‍  ഉടമയെ സമീപിച്ചതോടെയാണ്  പൊലീസ് വിവരമറിഞ്ഞത്. താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നാണ് സായുധ  പൊലീസ് സംഘം ആഡത്തെ കസ്റ്റഡിയിലെടുത്തത്. കോടതിയിലും ഹാജരാക്കി. കോടതിയില്‍ ഹാജരാക്കിയപ്പോഴും ആഡം വംശീയ അധിക്ഷേപം തുടര്‍ന്നായി പൊലീസ് പറഞ്ഞു. മജിസ്ട്രേറ്റും ഇക്കാര്യം കേട്ടുവെന്നും പൊലീസ് വെളിപ്പെടുത്തി. അപാര്‍ട്മെന്‍റിലെ ഇന്ത്യന്‍ കുടുംബത്തെ ചുട്ടെരിക്കുമെന്നും താനും ആ കൂടെ മരിക്കുമെന്നും ആഡം ഭീഷണി മുഴക്കി. ഇന്ത്യന്‍ കുടുംബം ആഡത്തിനെതിരെ പൊലീസില്‍ പരാതിപ്പെട്ടുവെന്നും ഇതാണ് അപാര്‍ട്മെന്‍റില്‍ നിന്ന് തന്നെ പുറത്താക്കാന്‍ കാരണമെന്ന് തെറ്റിദ്ധരിച്ചതാണ് ഭീഷണിക്ക് കാരണമെന്നാണ് പൊലീസ് പ്രോസിക്യൂട്ടര്‍ പറയുന്നത്.

അതേസമയം, ആഡത്തിന്‍റെ അമ്മ ഒന്നര വര്‍ഷം മുന്‍പ് മരിച്ചു പോയെന്നും അതിന് ശേഷം കടുത്ത മനപ്രയാസത്തിലാണ് ആഡമെന്നും അഭിഭാഷകന്‍ അഭിപ്രായപ്പെട്ടു. ഓട്ടിസവും എഡിഎച്ച്ഡിയും ആഡത്തിന് നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ അവകാശപ്പെട്ടു. ആഡത്തിന് കര്‍ശന വ്യവസ്ഥകളോടെ കോടതി നിലവില്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്.

ENGLISH SUMMARY:

A 19-year-old teenager, Harley Adams, was arrested in Brisbane, Australia, for making racially motivated arson threats against an Indian family. The family decided to leave the country following the severe intimidation. Police charged Adams with hate crime, and the court later granted him conditional bail.