റോബോ ഹരൗ വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ കാൽ വഴുതി വീണ് വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം. ഇൻന്തോനേഷ്യയിലെ വെസ്റ്റ് സുമാത്ര പ്രവിശ്യയിലുള്ള വെള്ളച്ചാട്ടത്തില് നിന്നുമാണ് 25 വയസ്സുകാരി വീണത്. യുവതി ഉയരത്തിൽ നിന്ന് താഴേക്ക് വീഴുന്നതിന്റെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ രക്ഷപെടുത്താൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
പടാങ് പരിയമാൻ സ്വദേശിയായ വിൻഡി റഹ്മ പുത്രിയാണ് ദാരുണമായി മരണപ്പെട്ടത്. കഴിഞ്ഞ ഒക്ടോബർ 15 വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ലിമാപുലു കോട്ട റെജൻസിയിലെ വെള്ളച്ചാട്ടത്തിലാണ് അപകടം നടന്നത്. സുഹൃത്തുക്കളോടൊപ്പം വെള്ളച്ചാട്ടത്തിൽ കുളിച്ചുകൊണ്ടിരിക്കെ വിൻഡി പെട്ടെന്ന് കാൽ വഴുതി ശക്തമായ ഒഴുക്കിലേക്ക് വീഴുകയായിരുന്നു. ഈ സമയം ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഇവരെ രക്ഷപെടുത്താൻ പരമാവധി ശ്രമിച്ചെങ്കിലും ശക്തമായ ജലപ്രവാഹത്തിൽ അവർക്ക് വിൻഡിയെ പിടിച്ചുനിർത്താൻ കഴിഞ്ഞില്ല.
അപകടത്തെക്കുറിച്ച് വിവരമറിഞ്ഞയുടൻ ജോയിന്റ് സെർച്ച് ആൻഡ് റെസ്ക്യൂ ടീം സ്ഥലത്തെത്തി വിപുലമായ തിരച്ചിൽ ആരംഭിച്ചു. വെള്ളച്ചാട്ടത്തിന് ചുറ്റുമുള്ള 570 മീറ്റർ ചുറ്റളവിൽ നടത്തിയ തീവ്രമായ തിരച്ചിലിനൊടുവിൽ ഒക്ടോബർ 16 വെള്ളിയാഴ്ച രാവിലെ 10:45 ഓടെ ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മൃതദേഹം ഇൻഡോനേഷ്യൻ അധികൃതർ റെസ്ക്യൂ പോസ്റ്റിലേക്ക് മാറ്റിയ ശേഷം ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി സംസ്കാര ചടങ്ങുകൾക്കായി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പ്രകൃതിദത്ത ജലാശയങ്ങളും വെള്ളച്ചാട്ടങ്ങളും സന്ദർശിക്കുമ്പോൾ കടുത്ത സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.