ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന പാനമ പതാക വഹിച്ച 'എം.ടി ഓൺ പീസ്' (MT On Peace) എന്ന ചരക്കുകപ്പലിന് നേരെ പ്രൊജക്റ്റൈൽ (projectile) പതിച്ചുണ്ടായ ആക്രമണത്തിൽ മലയാളി ഉൾപ്പെടെയുള്ള 11 ഇന്ത്യക്കാർക്ക് പരുക്കേറ്റു. ഒമാൻ തീരത്തിന് സമീപമാണ് സംഭവം. കപ്പലിലുണ്ടായിരുന്ന ആകെ 19 ജീവനക്കാരിൽ 17 പേരും ഇന്ത്യൻ പൗരന്മാരാണ്. പരുക്കേറ്റ 12 ജീവനക്കാരിൽ 11 പേരും ഇന്ത്യക്കാരാണെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.
ആക്രമണത്തിൽ പരുക്കേറ്റ ജീവനക്കാരെ ഒമാൻ അധികൃതരുടെ സഹായത്തോടെ കപ്പലിൽ നിന്നും ഉടൻതന്നെ ഒഴിപ്പിച്ചു. നിലവിൽ ഒമാനിലെ ഖസബിലുള്ള (Khasab) ആശുപത്രിയിൽ ഇവർക്ക് ആവശ്യമായ അടിയന്തര വൈദ്യസഹായവും ചികിത്സയും ലഭ്യമാക്കിയിട്ടുണ്ട്.
സമയബന്ധിതമായി നൽകിയ പിന്തുണയ്ക്ക് വിദേശകാര്യമന്ത്രാലയം ഒമാൻ ഭരണകൂടത്തിന് നന്ദി അറിയിച്ചു. അന്താരാഷ്ട്ര കപ്പൽ ഗതാഗത പാതകളിൽ ചരക്കുകപ്പലുകൾക്കും നാവികർക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങളിൽ ഇന്ത്യ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി.
മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഇത്തരം ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര സമുദ്രപാതകളിലൂടെയുള്ള സുരക്ഷിതമായ ഗതാഗതവും വാണിജ്യവും എത്രയും വേഗം പുനഃസ്ഥാപിക്കപ്പെടണമെന്നും വാണിജ്യക്കപ്പലുകളെ ലക്ഷ്യമിട്ടുള്ള നടപടികൾ പൂർണ്ണമായും അവസാനിപ്പിക്കണമെന്നും ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി.