മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനും കേന്ദ്ര സർക്കാരിനുമെതിരെ ഇന്ത്യാ സഖ്യം രാജ്യതലസ്ഥാനത്ത് നടത്തുന്ന വൻ പ്രതിഷേധ സമരം ആറാം മണിക്കൂറിലേക്ക് കടന്നു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും പ്രവർത്തകരും ആകാശവാണി ഭവൻ വളപ്പിൽ നിശ്ശബ്ദ ധർണ്ണ തുടരുകയാണ്.
പ്രതിഷേധത്തിൽ പങ്കെടുത്ത ഭൂരിഭാഗം ഇന്ത്യാ സഖ്യ എം.പിമാരെയും ഡൽഹി പൊലീസും കേന്ദ്ര സേനയും ചേർന്ന് അറസ്റ്റ് ചെയ്തു നീക്കി. വോട്ടിംഗ് ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ച് നിവേദനം നൽകാനെത്തിയ മുന്നൂറോളം വരുന്ന എം.പിമാരെ കാണാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഭയപ്പെടുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
പ്രതിഷേധ മാർച്ച് പൊലീസ് ബാരിക്കേഡുകൾ ഉയർത്തി തടഞ്ഞതോടെയാണ് ആകാശവാണി ഭവൻ വളപ്പിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പായ വിരിച്ച് ധർണ്ണ ആരംഭിച്ചത്. കെ.സി. വേണുഗോപാൽ, ഇമ്രാൻ പ്രതാപ് ഗഡി, പ്രണീത് ഷിന്റെ, പവൻ ഖേര തുടങ്ങിയ പ്രമുഖ നേതാക്കൾ രാഹുൽ ഗാന്ധിക്കൊപ്പം സമരത്തിൽ പങ്കാളികളായി.
പൊലീസിന് കടുത്ത നടപടികളിലേക്ക് കടക്കാൻ അവസരം നൽകാതിരിക്കാൻ പൂർണ്ണമായും മൗനം പാലിച്ചാണ് നേതാക്കളുടെ സമരം. അതേസമയം ആകാശവാണി ഭവന് പുറത്ത് യൂത്ത് കോൺഗ്രസ്, എൻ.എസ്.യു.ഐ, എസ്.പി പ്രവർത്തകർ വലിയ രീതിയിൽ മുദ്രാവാക്യം വിളികളുമായി എത്തുകയും ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകയും ചെയ്തു.
ഡൽഹി പൊലീസിന് പുറമെ ദ്രുതകർമ്മ സേനയും അർദ്ധസൈനിക വിഭാഗങ്ങളും ആകാശവാണി ഭവനും തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിനും ചുറ്റും ശക്തമായ സുരക്ഷാവലയം തീർത്തിട്ടുണ്ട്. ജലപീരങ്കികളും കണ്ണീർവാതക സംവിധാനങ്ങളുമായി വൻ പൊലീസ് സന്നാഹമാണ് സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുന്നത്.
സ്ഥാപനത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ എല്ലാ കവാടങ്ങളും അടച്ച നിലയിലാണ്. പ്രതിപക്ഷ നേതാക്കളെ സ്ഥലത്തുനിന്ന് മാറ്റി അന്തരീക്ഷം ശാന്തമാക്കാനുള്ള ശ്രമങ്ങൾ പൊലീസിന്റെ ഭാഗത്തുനിന്ന് തുടരുകയാണ്.