തെക്ക്-പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ താപനില, മഴ, ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ എന്നിവയിൽ 'എൽ നിനോ' പ്രതിഭാസം കാര്യമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങുന്നു. 2026 ഒക്ടോബർ മുതൽ 2027 മാർച്ച് വരെയുള്ള കാലയളവിലെ കാലാവസ്ഥാ പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ, സൗത്ത്-വെസ്റ്റ് ഇന്ത്യൻ ഓഷ്യൻ ക്ലൈമറ്റ് ഔട്ട്‌ലുക്ക് ഫോറമാണ് (SWIOCOF) മേഖലയിലെ രാജ്യങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകുന്നത് . മേഖലയിലെ വിവിധ പ്രദേശങ്ങളിൽ വിരുദ്ധമായ കാലാവസ്ഥാ സാഹചര്യങ്ങളായിരിക്കും എൽ നിനോ സൃഷ്ടിക്കുകയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

പ്രധാന പ്രവചനങ്ങൾ:

തെക്കേ ആഫ്രിക്ക, തെക്കൻ-മധ്യ മൊസാംബിക്, മലാവി, തെക്ക്-പടിഞ്ഞാറൻ മഡഗാസ്കർ തുടങ്ങിയ തെക്കൻ പ്രദേശങ്ങളിൽ മഴ ഗണ്യമായി കുറയാനും വരൾച്ചാ സാധ്യത വർധിക്കാനും സാധ്യതയുണ്ട്. വടക്കൻ മേഖലയിൽ പ്രളയസാധ്യത നിലനിൽക്കുന്നു. താൻസാനിയ, വടക്കൻ മലാവി, സീഷെൽസ്, മസ്കരേൻ ദ്വീപുകളുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ കനത്ത മഴയ്ക്കും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും സാധ്യത നിലനിൽക്കുന്നു.

മഡഗാസ്കറിൽ സമ്മിശ്രാവസ്ഥയാണ് പ്രവചനം. രാജ്യത്തിന്റെ വടക്ക്, കിഴക്ക് ഭാഗങ്ങളിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിച്ചേക്കാം. എന്നാൽ തെക്ക്-പടിഞ്ഞാറൻ മേഖല രൂക്ഷമായ ജലക്ഷാമത്തിനും വരൾച്ചയ്ക്കും സാക്ഷ്യം വഹിക്കും. പ്രദേശം മുഴുവൻ സാധാരണയിലും ഉയർന്ന താപനില അനുഭവപ്പെടും. പലയിടങ്ങളിലും അസാധാരണമായ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ട്. എൽ നിനോ പ്രഭാവം മൂലം തെക്ക്-പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിൽ ചുഴലിക്കാറ്റുകളുടെ എണ്ണം കുറവായിരിക്കുമെന്നാണ് വിലയിരുത്തൽ. എങ്കിലും പ്രാദേശിക ചുഴലിക്കാറ്റുകൾ പൂർണ്ണമായി ഒഴിവാക്കാനാവില്ലെന്നും മുന്നറിയിപ്പുണ്ട്.

മുൻകരുതൽ അനിവാര്യം

വരൾച്ച, അപ്രതീക്ഷിത പ്രളയം, കടുത്ത ചൂട് തുടങ്ങിയ ഒന്നിലധികം പ്രകൃതിദുരന്തങ്ങൾ ഒരുമിച്ച് നേരിടേണ്ടി വരുമെന്നതിനാൽ അതത് രാജ്യങ്ങളിലെ സർക്കാരുകളും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ ഫോറം ആവശ്യപ്പെട്ടു. ജനങ്ങളുടെ ആരോഗ്യം, കൃഷി, സമുദ്ര സമ്പത്ത്, കുടിവെള്ള ലഭ്യത, വിനോദസഞ്ചാരം തുടങ്ങിയ സുപ്രധാന മേഖലകളെ ഈ മാറ്റങ്ങൾ ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു

ENGLISH SUMMARY:

The El Niño phenomenon is set to cause severe weather disruptions across the South-West Indian Ocean region between October 2026 and March 2027. According to the South-West Indian Ocean Climate Outlook Forum (SWIOCOF), the region will experience contrasting climatic extremes, including intense droughts in southern areas and devastating flash floods in northern zones. Temperatures across the entire oceanic region are expected to remain above normal, giving rise to frequent and severe heatwaves. Authorities have urged regional governments and local communities to adopt immediate precautions, as these environmental shifts pose significant risks to agriculture, public health, marine life, and water supplies.