nepal-flood-image

TOPICS COVERED

നേപ്പാളിൽ കഴിഞ്ഞ മൂന്നുദിവസമായി തുടരുന്ന കനത്ത മഴയിലും പ്രളയത്തിലും ഉരുൾപൊട്ടലിലുംപ്പെട്ട് 24 പേർ മരിക്കുകയും 14 പേരെ കാണാതാവുകയും ചെയ്തു. അയ്യായിരത്തോളം പേരെ കാണാതാവുകയും 1450 ലേറെപ്പേര്‍ കൊല്ലപ്പെടുകയും ചെയ്ത മിന്നൽ പ്രളയത്തിന്റെ ദുരന്തനിഴൽ മാറുംമുമ്പേയാണ് നേപ്പാളില്‍ ഭീതിയേറ്റി പേമാരിയും മലയിടിച്ചിലും. 

തോരാതെ പെയ്യുന്ന മഴയില്‍ മനാങ്, മ്യാഗ്ഡി, ബാഗ്‌ലങ്, പർബത്, പൽപ എന്നീ ജില്ലകളിലാണ് കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂറ്റൻ മലനിരകൾ ഇടിഞ്ഞുവീഴുന്നതിന്റെയും സെക്കൻഡുകൾക്കുള്ളിൽ വീടുകൾ ഉൾപ്പെടുന്ന പർവതപ്രദേശം നദിയിലേക്ക് നിലംപതിക്കുന്നതിന്റെയും ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നദികള്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് പ്രദേശത്തെ റോഡുകളും പാലങ്ങളും പൂര്‍ണമായി തകര്‍ന്ന അവസ്ഥയിലാണ്. 

കാളിഗണ്ഡകി, നാരായണി, തിനാവു നദികൾ അപകടനില കവിഞ്ഞ് ഒഴുകുകയാണെന്ന് നേപ്പാൾ ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കാളിഗണ്ഡകിയുടെ തീരങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം. 747 കുടുംബങ്ങളെ പ്രളയം ബാധിച്ചതായാണ് റിപ്പോർട്ട്. 143 വീടുകൾ പൂർണമായും 51 എണ്ണം ഭാഗികമായും തകർന്നു. അതിനിടെ, ഞായറാഴ്ച മനാങിലെ നർഫുവിലുള്ള ഹിംലങ് ഹിമാലിലുണ്ടായ മ‍ഞ്ഞിടിച്ചിലിൽ കാണാതായ പർവതാരോഹകരിൽ നാലുപേരുടെ മൃതദേഹം കണ്ടെടുത്തു. എട്ടുപേരെ ഇനിയും കണ്ടെത്താനുണ്ട്. കാണാതായവർക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി അധികൃതർ അറിയിച്ചു.

ENGLISH SUMMARY:

Continuous heavy rainfall over the past three days has triggered devastating floods and landslides across several districts in Nepal, claiming 24 lives and leaving 14 missing. The fresh disaster compounds the grief of the Himalayan nation, which is still recovering from the heavy casualties of previous flash floods. Severe weather conditions have caused massive mountainsides to collapse into swollen rivers, destroying homes, vital roads, and bridge