ബഹ്റൈൻ ഓണാഘോഷത്തിനിടെ അവതരിപ്പിച്ച 'ചരടുപിന്നിക്കളി'യില്‍ കുട്ടിയോട് ക്രൂരത കാട്ടിയെന്ന ആരോപണത്തിന് മറുപടിയുമായി കേരളീയസമാജം. പൂർണ്ണ സുരക്ഷ ഉറപ്പാക്കിയാണ് പരിപാടി നടത്തിയതെന്നും വിവാദം അനാവശ്യമാണെന്നും സംഘാടകര്‍ പറഞ്ഞു.
ബഹ്റൈൻ കേരളീയ സമാജം വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 18-ന് നടന്ന ഓണാഘോഷ പരിപാടികൾക്കിടെ അവതരിപ്പിച്ച ചരടുപിന്നിക്കളിയിലെ ഈ ദൃശ്യങ്ങളാണ് വിവാദമായത്. ചരടുകള്‍ കുട്ടിയെ ചുറ്റുന്ന ദൃശ്യങ്ങള്‍ മാത്രം അടര്‍ത്തിമാറ്റി പ്രചരിപ്പിച്ചത് ദുരുദ്ദേശ്യത്തോടെയാണെന്ന് സംഘാടകര്‍ ആരോപിക്കുന്നു.
ദിവസങ്ങളോളം പരിശീലനം നടത്തി, കുട്ടികൾക്ക് യാതൊരു ശാരീരിക ബുദ്ധിമുട്ടുമില്ലെന്ന് ഉറപ്പുവരുത്തിയാണ് പരിപാടി അവതരിപ്പിച്ചതെന്ന് കേരളീയ സമാജം വനിതാവേദി ഭാരവാഹികള്‍ പറഞ്ഞു.
മുൻ വര്‍ഷങ്ങളിലും ചരടുപിന്നിക്കളി സുരക്ഷിതമായി, വിവാദങ്ങളില്ലാതെ അവതരിപ്പിച്ചിരുന്നതായി സംഘാടകര്‍ അവകാശപ്പെട്ടു.