പാകിസ്ഥാനിലെ റാവൽപിണ്ടിയിൽ ഉന്നത സർക്കാർ ഉദ്യോഗസ്ഥയായ 45വയസുകാരി ഹിന ജാവേദിനെ ഭർതൃഗൃഹത്തിലെ ശുചിമുറിയിൽ അതിക്രൂരമായി കൊലചെയ്യപ്പെട്ട നിലയിൽ കഴിഞ്ഞ മാസം അവസാനമാണ് കണ്ടെത്തിയത്. ഗാർഹിക പീഡനത്തിന്റെ ഭയാനകമായ മുഖം വെളിപ്പെടുത്തുന്ന ഈ സംഭവത്തിൽ, സർവകലാശാല പ്രൊഫസറായ ഭർത്താവിനെയും വീട്ടുജോലിക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തു. കുറ്റവാളികൾക്ക് കർശന ശിക്ഷ ഉറപ്പാക്കണമെന്ന് പാകിസ്ഥാൻ വുമൺസ് പാർലമെന്ററി കോക്കസ്  ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടു. പാകിസ്ഥാനില്‍ നീതി തേടി ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്

ഹിന ഇല്ലാതായ ദിനം

ഓഗസ്റ്റ് 20-ന് രാവിലെയാണ് റാവൽപിണ്ടിയിലെ ലാൽ കുർത്തിയിലുള്ള അസ്കരി അപ്പാർട്ട്‌മെന്റിലെ ശുചിമുറിയിൽ ഹിന ജാവേദിന്റെ മൃതദേഹം കണ്ടെത്തിയത്. കൈകൾ പിന്നിലേക്ക് കെട്ടി, വായിൽ തുണി തിരുകിയ നിലയിലുമായിരുന്നു മൃതദേഹം. കഴുത്തിൽ ഇലക്ട്രിക് വയർ മുറുക്കി ഷവറിൽ കെട്ടിയിട്ടിരുന്നു. വായിൽ നിന്നും മൂക്കിൽ നിന്നും രക്തവും നുരയും വന്ന നിലയിലായിരുന്നത് കൊണ്ട്, ശ്വാസംമുട്ടിച്ച് കൊല്ലുന്നതിന് മുൻപ് വിഷം നൽകിയിരുന്നോ എന്ന സംശയം ഉയര്‍ന്നു. ആദ്യം ഇതൊരു മോഷണശ്രമമാണെന്നോ ആത്മഹത്യയാണെന്നോ വരുത്തിത്തീർക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും, അപ്പാർട്ട്മെന്റിലേക്ക് പുറത്തുനിന്നാരും അതിക്രമിച്ചു കയറിയിട്ടില്ലെന്ന് സുരക്ഷാ ജീവനക്കാർ സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് വെച്ചുതന്നെ ഭർത്താവ് ഫൈസൽ അസ്ഗർ ഇമാമിനെയും വീട്ടുജോലിക്കാരനായ സീഷാൻ അർഷാദിനെയും പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം, കൂട്ടായ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി പാകിസ്ഥാൻ പീനൽ കോഡിലെ സെക്ഷൻ 302, 34 എന്നിവ പ്രകാരം സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്.

ആരാജ് ഹിന ജാവേദ്?

തികഞ്ഞൊരു പ്രൊഫഷണലായിരുന്ന ഹിന ജാവേദ്, പാക് നാഷണൽ അസംബ്ലി സെക്രട്ടേറിയറ്റിലും പ്രസിഡന്റിന്റെ ഓഫീസിലും ഉന്നത തസ്തികകളിൽ ജോലി ചെയ്തിരുന്നു. ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം നാഷണൽ ഇൻഫർമേഷൻ ടെക്നോളജി ബോർഡിൽ  കരിയർ ആരംഭിച്ച ഹിന, 2019 നവംബർ മുതൽ 2026 ജൂൺ വരെ നാഷണൽ അസംബ്ലി സെക്രട്ടേറിയറ്റിലെ മീഡിയ എക്സിക്യൂട്ടീവ് ആയിരുന്നു. അതിനുശേഷം പാക് പ്രസിഡന്റിന്റെ കമ്മ്യൂണിക്കേഷൻ ടീമിലേക്ക് ഡെപ്യൂട്ടേഷനിൽ പോയി. കടുത്ത അൽഷിമേഴ്സ് രോഗമുള്ള അമ്മയെയും, പാർക്കിൻസൺസ് രോഗിയായ അച്ഛനെയും പരിചരിച്ചിരുന്നു ഹിന. 2025 നവംബറിലാണ് ഇരുപത് വർഷത്തോളമായി കുടുംബത്തിന് പരിചയമുള്ള ഫൈസൽ അസ്ഗറുമായി ഹിനയുടെ വിവാഹം നടക്കുന്നത്. എന്നാൽ വിവാഹം കഴിഞ്ഞ് ഒൻപത് മാസം പിന്നിടുമ്പോഴേക്കും അവർക്ക് ജീവൻ നഷ്ടപ്പെട്ടു. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സയൻസസ് ആൻഡ് ടെക്നോളജിയിലെ പ്രൊഫസറായ ഫൈസൽ അസ്ഗറിന്റെ ആദ്യ വിവാഹവും കടുത്ത ഗാർഹിക പീഡന ആരോപണത്തെ തുടര്‍ന്നാണ് വിവാഹമോചനത്തില്‍ അവസാനിച്ചത്.

കേസ് അന്വേഷണം

പോസ്റ്റ്‌മോർട്ടത്തിൽ ക്രൂരമായ പീഡനത്തിന്റെ തെളിവുകളുണ്ട്. ഹിനയുടെ കഴുത്തെല്ല് പൊട്ടിയിരുന്നു. വാരിയെല്ലുകളിലും ഇടുപ്പിലും കൈകാലുകളിലും ഗുരുതരമായ പരിക്കുണ്ട്. ഹൃദയത്തിന് ചുറ്റും രക്തം കെട്ടിക്കിടക്കുന്നതായും റിപ്പോർട്ടിലുണ്ട്. കൊലപാതകത്തിന് സഹായിച്ച വീട്ടുജോലിക്കാരനായ സീഷാന് ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നതായി സൂചനയുണ്ട്. ഇയാള്‍ ചോദ്യം ചെയ്യലിൽ പലതവണ മൊഴി മാറ്റിയത് ദുരൂഹത വർദ്ധിപ്പിക്കുന്നു. കൃത്യം നടന്ന ശേഷം ഹിനയുടെ സഹോദരനെ ഫോണിൽ വിളിച്ച് ഒരു അത്യാവശ്യമുണ്ട് എന്ന് പറഞ്ഞ് വിളിച്ചുവരുത്തിയത് ഫൈസലിന്റെ പിതാവും റിട്ടയേർഡ് കേണലുമായ അസ്ഗർ അലി ഫയാസ് ആണ്. ഇയാൾ ഇപ്പോൾ ഒളിവിലാണ്. 

പഞ്ചാബ് ഫോറൻസിക് സയൻസ് ഏജൻസിയിൽ നിന്നുള്ള അന്തിമ ടോക്സിക്കോളജി, ഡി.എൻ.എ റിപ്പോർട്ടുകൾ ലഭിച്ച ശേഷം മാത്രമേ പോലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുള്ളൂ. പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന മുറയ്ക്ക് വീണ്ടും കോടതിയിൽ ഹാജരാക്കും. ഒളിവിലുള്ള അസ്ഗർ അലി ഫയാസിനെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. പാകിസ്ഥാൻ വുമൺസ് പാർലമെന്ററി കോക്കസും മനുഷ്യാവകാശ പ്രവർത്തകരും കേസിൽ സുതാര്യത ആവശ്യപ്പെട്ടിട്ടുണ്ട്. 

ENGLISH SUMMARY:

The shocking murder of Hina Javed, a 45-year-old senior Pakistani government official, has sparked nationwide outrage in Pakistan. On August 20, 2026, Hina was found tortured and strangled to death inside a bathroom at her residence in Askari Apartments, Rawalpindi. Police arrested her husband, Faisal Asghar Imam—a university professor—and their domestic help, Zeeshan Arshad, while her father-in-law, a retired colonel, remains at large. Having previously worked at the National Assembly Secretariat and the President’s Office, Hina's death has drawn severe condemnation from the Pakistan Women’s Parliamentary Caucus and human rights activists, who are demanding swift justice.