സ്വാഭാവിക ആവാസവ്യവസ്ഥയിൽ വംശനാശം സംഭവിച്ച അറേബ്യൻ മാനുകളെ വന്യജീവി സംരക്ഷണ പദ്ധതികളിലൂടെ മരുഭൂമിയിലേക്ക് വിജയകരമായി തിരികെ എത്തിച്ച് സൗദി അറേബ്യ. കൃത്രിമ പ്രജനനത്തിലൂടെ എണ്ണം വർധിപ്പിച്ചതോടെ, വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ നിന്ന് താഴേക്ക് തരംതാഴ്ത്തപ്പെടുന്ന ലോകത്തെ ആദ്യ ജീവിവർഗങ്ങളിലൊന്നായി അറേബ്യൻ മാനുകൾ മാറി.
വ്യാപകമായ വേട്ടയാടലും പരിസ്ഥിതി വ്യതിയാനവും മൂലം 1970-കളിലാണ് സൗദി മരുഭൂമിയിൽ നിന്ന് അറേബ്യൻ മാനുകൾ പൂർണമായി അപ്രത്യക്ഷമായത്. തുടർന്ന് പ്രകൃതി സംരക്ഷണത്തിനായുള്ള രാജ്യാന്തര കൂട്ടായ്മയായ ഐ.യു.സി.എൻ ഇവയെ കാടുകളിൽ വംശനാശം സംഭവിച്ച വിഭാഗത്തിൽ ഉൾപ്പെടുത്തി റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. മൃഗശാലകളിലും രാജകീയ ശേഖരങ്ങളിലും മാത്രമായി ചുരുങ്ങിയ ഇവയെ, സൗദി നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫ്, തായിഫിലെ പ്രിൻസ് സൗദ് അൽ ഫൈസൽ വൈൽഡ് ലൈഫ് റിസർച്ച് സെന്റർ, കിങ് ഖാലിദ് വൈൽഡ് ലൈഫ് റിസർച്ച് സെന്റർ എന്നിവയുടെ നേതൃത്വത്തിൽ ശാസ്ത്രീയമായി കൃത്രിമ പ്രജനനം നടത്തി സംരക്ഷിക്കുകയായിരുന്നു.
തുടർന്ന് ഇവയെ സൗദിയിലെ സ്വാഭാവിക മരുഭൂമികളിലേക്ക് വിജയകരമായി തുറന്നുവിട്ടു. സാറ്റലൈറ്റ് ട്രാക്കിങ് കോളറുകൾ ഘടിപ്പിച്ചാണ് ഇവയുടെ സഞ്ചാരവും ആവാസവും നിരീക്ഷിക്കുന്നത്. നിലവിൽ 11 തുറസായ സംരക്ഷിത മേഖലകളിലായി മൂവായിരത്തോളവും, വിവിധ പ്രജനന കേന്ദ്രങ്ങളിലായി ഏഴായിരത്തോളവും അറേബ്യൻ മാനുകളുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഇവയുടെ എണ്ണം പതിനായിരത്തിലേക്ക് ഉയർന്നതോടെയാണ് ഐ.യു.സി.എൻ റെഡ് ലിസ്റ്റിൽ നിന്ന് അറേബ്യൻ മാനുകളുടെ സംരക്ഷണ പദവി മെച്ചപ്പെട്ടത്.