വെള്ളത്തിലിറങ്ങിയ തനിക്ക് നേരെ പിരാന മത്സ്യങ്ങളുടെ കൂട്ട ആക്രമണമുണ്ടായെന്നും കടിയേറ്റ് വിരലിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടെന്നുമുള്ള അവകാശവാദവുമായി യുവാവ് പങ്കുവെച്ച വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ലിയാന്ദ്രോ അപോന്തെ എന്നയാൾ ഓഗസ്റ്റ് 25-ന് ഫെയ്സ്ബുക്കിൽ പങ്കുവെച്ച ദൃശ്യങ്ങളാണ് വലിയ തോതിലുള്ള ചർച്ചകൾക്കും സംശയങ്ങൾക്കും വഴിവെച്ചിരിക്കുന്നത്. ശരീരത്തിൽ കടിച്ച് തൂങ്ങിക്കിടക്കുന്ന മത്സ്യങ്ങളെ ഇയാൾ ബലമായി അടർത്തിമാറ്റാൻ ശ്രമിക്കുന്നതാണ് ഭീതിജനകമായ വിഡിയോയിലുള്ളത്. എന്നാൽ, ദൃശ്യങ്ങളുടെ വിശ്വസനീയതയെ ചോദ്യം ചെയ്ത് നിരവധി ആളുകൾ രംഗത്തെത്തിയതോടെ സംഭവം വിവാദമായി മാറിയിരിക്കുകയാണ്.
"ബെല്ലവിസ്തയിൽ വെച്ച് പിരാനകൾ എന്റെ വിരൽ ഏതാണ്ട് കടിച്ചുപറിച്ച അവസ്ഥ എങ്ങിനെ മറക്കാനാണ്; അതൊരു വലിയ ട്രോമയായി മനസ്സിലുണ്ട്" എന്ന അടിക്കുറിപ്പോടെയാണ് സ്പാനിഷ് ഭാഷയിൽ ലിയാന്ദ്രോ അപോന്തെ വിഡിയോ പങ്കുവെച്ചത്. എന്നാൽ, ദൃശ്യങ്ങൾ വ്യാജമാണെന്ന് ആരോപിച്ച് ഒട്ടേറെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ രംഗത്തെത്തി. കടിക്കുമ്പോൾ പിരാനകൾ മാംസം കടിച്ചുപറിക്കുകയാണ് ചെയ്യുകയെന്നും, വിഡിയോയിൽ കാണുന്നതുപോലെ ശരീരത്തിൽ ഒട്ടിപ്പിടിച്ചിരിക്കില്ലെന്നും ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി. അല്പം പോലും അനങ്ങാത്ത ഈ മത്സ്യങ്ങൾ ശരീരത്തിൽ നിന്ന് വീണുപോകാതിരിക്കാൻ ഗ്ലൂഉപയോഗിച്ച് ഒട്ടിച്ചതാണോ എന്ന് സംശയിക്കുന്നതായും പലരും പരിഹസിച്ചു.
വിഡിയോയ്ക്ക് താഴെ ഉയർന്ന രൂക്ഷമായ സംശയങ്ങൾക്കും പരിഹാസങ്ങൾക്കും മറുപടിയുമായി അപോന്തെ തന്നെ നേരിട്ട് രംഗത്തെത്തിയിട്ടുണ്ട്. ഈ ആക്രമണത്തിൽ തന്റെ വിരലിന്റെ ഒരു കഷ്ണം പിരാനകൾ കടിച്ചുപറിച്ചുവെന്നും സംഭവം തികച്ചും സത്യസന്ധമാണെന്നുമാണ് ഇയാൾ അവകാശപ്പെടുന്നത്.