pyramid

TOPICS COVERED

ഈജിപ്തിലെ പിരമിഡുകൾ ഇന്നും നമുക്ക് അത്ഭുത കാഴ്ചയാണ്. ഈജിപ്തിൽ മാത്രമല്ല മറ്റു പല രാജ്യങ്ങളിലും പിരമിഡുകൾ ഉണ്ട്. എന്നാലിപ്പോൾ മനുഷ്യരാശിയെ അതിശയിപ്പിച്ച ആ പിരമിഡുകളിൽ ഒന്ന് തകർന്നുവീണത് ആശങ്ക ഉണ്ടാക്കുകയാണ്. മെക്സിക്കോയിലെ മിച്ചോവാക്കാൻ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന 1,100 വർഷം പഴക്കമുള്ള പുരാതന പിരമിഡ് ആണ് തകർന്നുവീണത്. 2024 ൽപെയ്ത കനത്ത മഴയിലാണ് പിരമിഡ് ഭാഗികമായി തകർന്നത്. മിച്ചോവാക്കാൻ രാജവംശം ഏറ്റവും നന്നായി സംരക്ഷിച്ചിരുന്ന സ്മാരകങ്ങളിൽ ഒന്നായിരുന്നു ഈ പിരമിഡ്.

പിരമിഡ് തകർന്നതിന് മുൻപ് പ്രദേശത്ത് കടുത്ത വരൾച്ച അനുഭവപ്പെട്ടിരുന്നു. കൊടുംചൂടിൽ പിരമിഡിൽ വിള്ളലുകൾ വീണു. പിന്നാലെ പെയ്ത മഴയിൽ പിരമിഡ് ഭാഗികമായി തകർന്നുവീണു. പുർഹേപെച്ചാസ് ജനതയുടെ പ്രധാന കേന്ദ്രമായിരുന്നു ഇഹ്വാറ്റ്സിയോ. പിരമിഡിന്റെ തകർച്ചയെ ഈ ഗോത്ര വിഭാഗം കാണുന്നത് ആശുഭലക്ഷണം ആയിട്ടാണ്. മുൻപും പിരമിഡ് തകർച്ച സംഭവിച്ചിട്ടുണ്ട്. മെക്സിക്കോയിലേക്ക് വിദേശ അധിനിവേശം എത്തുന്നതിന് തൊട്ടു മുൻപായിരുന്നു അത്. അതുകൊണ്ടുതന്നെ വീണ്ടും ഉണ്ടായ ഈ തകർച്ചയെ അശുഭ ലക്ഷണമായാണ് അന്നാട്ടുകാർ കണക്കാക്കുന്നത്.

എന്നാൽ പിരമിഡിന്റെ തകർച്ചയ്ക്ക് കാരണം കാലാവസ്ഥാ വ്യതിയാനമാണെന്നാണ് കണ്ടെത്തൽ. മനുഷ്യന്റെ ഇടപെടലുകൾ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം ലോകമെമ്പാടുമുള്ള ചരിത്ര സ്മാരകങ്ങളെ ഇല്ലാതാക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. മെക്സിക്കോയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആന്ത്രോപോളജി ആൻഡ് ഹിസ്റ്ററി അധികൃതരാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്.

മനുഷ്യന്റെ നിർമ്മാണ മേഖലയിലെ വൈദഗ്ധ്യവും, അവന്റെ കലയും സംസ്കാരവും വരും തലമുറകളിലേക്ക് പകർന്നു നൽകണമെങ്കിൽ ഇത്തരം പൈതൃക കേന്ദ്രങ്ങൾ സംരക്ഷിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം നമുക്കു മുൻപേ നടന്നു നീങ്ങിയവരുടെ അടയാളം ഏതുമില്ലാതെ ഒരു സംസ്കാരം തന്നെ ചിലപ്പോൾ നഷ്ടപ്പെട്ടേക്കാം. മെക്സിക്കോയിൽ തകർന്ന ഈ പിരമിഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ എത്രയും വേഗം ആരംഭിക്കുമെന്നാണ് അധികൃതരുടെ ഭാഗത്തുനിന്നും ലഭിക്കുന്ന ഉറപ്പ്. പൈതൃക സ്മാരകങ്ങൾ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.

ENGLISH SUMMARY:

A 1,100-year-old ancient pyramid in Mexico's Michoacán state has partially collapsed due to heavy rains, raising concerns about the preservation of historical sites. This incident highlights how climate change, exacerbated by human intervention, poses a significant threat to cultural heritage worldwide.