Image from the video, X, @itamarbengvir

ഗസയില്‍ സഹായത്തിനെത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകരെ മുട്ടുകുത്തിച്ച നടപടിയില്‍ രാജ്യാന്തരതലത്തില്‍ ഇസ്രയേലിനെതിരെ കടുത്ത പ്രതിഷേധം. ബുധനാഴ്ച ഗസയിലേക്ക് തിരിച്ച കപ്പലിലെ മനുഷ്യാവകാശ പ്രവര്‍ത്തകരെയാണ് കൈകള്‍ പിന്നില്‍ കെട്ടി മുട്ടുകുത്തിക്കാന്‍ ഇസ്രയേല്‍ പൊലീസ് ശ്രമിച്ചത്. രാജ്യത്തിനകത്തു നിന്നു തന്നെ ഈ നടപടിക്കെതിരെ കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. 

കഴിഞ്ഞ വര്‍ഷം അമേരിക്കയുടെ മധ്യസ്ഥതയില്‍ ഒപ്പുവച്ച വെടിനിര്‍ത്തല്‍ കരാറിനു ശേഷവും ഗസയില്‍ കടുത്ത ക്ഷാമം നേരിടുന്നുണ്ടെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് സഹായവുമായി സംഘം ഗസയിലേക്ക് തിരിച്ചത്. ഈ സംഘത്തോടാണ് ഇസ്രയേല്‍ അധികൃതര്‍ ക്രൂരത കാണിച്ചത്. എന്നാല്‍ തങ്ങളുടെ നാവിക ഉപരോധം നിയമപരമായി തുടരുകയാണെന്ന് ഇസ്രയേല്‍ പ്രതികരിച്ചു. 

ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ-ഗ്വീർ ഓൺലൈനിൽ പങ്കുവെച്ച വിഡിയോയിലാണ് തടവിലാക്കപ്പെട്ട പ്രവർത്തകരുടെ കൈകൾ പിന്നിൽ കെട്ടി നിലത്ത് മുട്ടുകുത്തി നിൽക്കുന്ന ദൃശ്യങ്ങള്‍ വ്യക്തമായത്. ചുറ്റും കാവല്‍ നില്‍ക്കുന്ന പൊലീസുകാര്‍ക്കിടെയില്‍ നിന്നും ഒരു വനിതാ പ്രവര്‍ത്തക ‘ഫ്രീ ഫ്രീ പലസ്തീന്‍’എന്നു വിളിച്ചു പറയുന്നതും ഉദ്യോഗസ്ഥര്‍ അവരെ നിലത്തേക്ക് തള്ളിയിടുന്നതും കാണാം. 

ചില ആളുകളെ പുറത്തേക്ക് കൊണ്ടുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. സര്‍ക്കാറിനുള്ളില്‍ തന്നെ ബെന്‍–ഗ്വീറിന്റെ നടപടിയില്‍ ഭിന്നത വന്നതോടെ പ്രതികരണവുമായി പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവും രംഗത്തെത്തി. ദൃശ്യങ്ങളില്‍ കാണുന്ന പെരുമാറ്റം ഇസ്രയേലിന്റെ മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണെന്ന് നെതന്യാഹു പറഞ്ഞു. ഇസ്രയേല്‍ സൈനികരും ഉദ്യോഗസ്ഥരും രാജ്യാന്തരതലത്തില്‍ ശ്രദ്ധയോടെ നയതന്ത്രശ്രമങ്ങള്‍ നടത്തുന്നതിനിടെ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് ബെൻ-ഗ്വീർ കോട്ടം വരുത്തിയെന്ന് വിദേശകാര്യ മന്ത്രി ഗിദിയോൻ സാർ കുറ്റപ്പെടുത്തി.

അതേസമയം തടവിലാക്കപ്പെട്ടവരില്‍ ഇറ്റാലിയന്‍ പാര്‍ലമെന്റംഗവും മാധ്യമപ്രവര്‍ത്തകനും ഉണ്ടെന്നറിഞ്ഞതോടെ പ്രധാനമന്ത്രി ജോര്‍ജിയ മെലനി വിശദീകരണം തേടി. ഈ പെരുമാറ്റം അംഗീകരിക്കാന്‍ കഴിയാത്തതെന്ന് മെലനി പ്രതികരിച്ചു. ഇസ്രയേല്‍ എന്തടിസ്ഥാനത്തിലാണ് മൂന്നാമതൊരു രാജ്യത്തിന്റെ കപ്പലുകള്‍ പിടിച്ചെടുത്ത് തടവിലാക്കിയതെന്ന് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് ലീ ജെ മ്യൂങ് ചോദിക്കുന്നു. 

ഈ വിഡിയോ പുറത്തുവന്നതോടെ ഫ്രാൻസ്, കാനഡ, സ്പെയിൻ, പോർച്ചുഗൽ, നെതര്‍ലന്റ്സ് എന്നീ രാജ്യങ്ങൾ ഇസ്രായേൽ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി. ഇതോടെ ഇതൊരു വലിയ നയതന്ത്ര തർക്കമായി മാറുകയാണ്. മനപൂര്‍വം ഗസയിലേക്കുള്ള സഹായങ്ങൾ തടയുകയാണെന്ന ആരോപണങ്ങൾ നിഷേധിച്ച ഇസ്രയേൽ ഈ സംഭവത്തോടെ വീണ്ടും ചര്‍ച്ചാവിഷയമായി മാറുകയാണ്.

Israel Detains Gaza Aid Workers, Sparks International Outcry:

Gaza aid workers detained by Israeli police have sparked international outrage. This incident involving activists attempting to deliver aid to Gaza highlights ongoing concerns about the humanitarian situation and raises questions about Israel's actions.