vijay-axis

വിജയ് ഫാന്‍സിന് ഇതില്‍പരം സന്തോഷമെന്താണ്. തങ്ങളുടെ പ്രിയ തളപതി രാഷ്ട്രീയത്തിലേക്കിറങ്ങി എന്ന് മാത്രമല്ല, ആദ്യ വരവിന് തന്നെ തമിഴ്നാടിനെ തൂത്തുവാരി. വിജയുടെയും വിജയുടെ പാര്‍ട്ടിയുടെയും വിജയത്തിന് അപ്രതീക്ഷിതം എന്നല്ലാതെ മറ്റ് വാക്കുകളൊന്നുമില്ല. എന്നാല്‍ ആ വിജയം മാക്സിമം ആഘോഷിക്കുന്ന തിരക്കിലാണ് തമിഴ്നാട്. 

എന്നാല്‍ വിജയ്‌യുടെ വിജയം ആഘോഷിക്കുന്ന മറ്റൊരു കൂട്ടരുമുണ്ട്. കേരളത്തിലോ മറ്റ് സംസ്ഥാനങ്ങളിലോ അല്ല. മറ്റൊരു രാജ്യത്ത്, അതായത് ശ്രീലങ്കയില്‍. ടിവികെയുടെ വിജയത്തെ ആദ്യ പേജിലായാണ് മിക്കവാറും ശ്രീലങ്കന്‍ തമിഴ് പത്രങ്ങള്‍ വാര്‍ത്ത നല്‍കിയത്. വിജയ്ക്ക് കൂറ്റന്‍ വിജയമെന്നും സുനാമി വിജയമെന്നുമടക്കം തലക്കെട്ടുകള്‍ വൈറലായി. ഇത് കൂടാതെ ശ്രീലങ്കന്‍ സമൂഹമാധ്യമങ്ങളിലും കഴിഞ്ഞ ദിവസം ട്രെന്‍ഡായ വാക്ക് വിജയ് എന്നതായിരുന്നു. വിജയ വാര്‍ത്തകളും വന്‍തോതില്‍ സോഷ്യല്‍ മീഡിയയിലെ നിറഞ്ഞു. 

ശ്രീലങ്കയിലെ സാധാരണക്കാര്‍ മാത്രമാണ് വിജയ്‌യുടെ വിജയം ആഘോഷിച്ചതെന്ന് കരുതിയെങ്കില്‍ തെറ്റി. പ്രധാന ശ്രീലങ്കന്‍ തമിഴ് രാഷ്ട്രീയ നേതാക്കളെല്ലാം തന്നെ വിജയ്‌ക്കും ടിവികെയ്ക്കും ആശംസകളുമായി രംഗത്തുവന്നു. ഇളങ്കൈ തമിഴ് അരസ് കച്ചി (ITAK) നേതാവും ജാഫ്ന എംഎല്‍എയുമായിരുന്ന സുമതിരന് വിജയ്ക്ക് പിന്തുണ അറിയിച്ചിട്ട പോസ്റ്റ് വൈറലാണ്. തങ്ങള്‍ തമിഴ്നാട്ടിലെ പുതിയ സര്‍ക്കാരിനെയും ജനങ്ങളെയും പിന്തുണയ്ക്കുന്നുവെന്നും ശ്രീലങ്കന്‍ തമിഴരുടെ തമിഴ്നാടിനോടുള്ള സ്നേഹം എന്നും തുടരുമെന്നും അദേഹം കുറിച്ചു.

പാര്‍ട്ടിയുടെ ഭാട്ടിക്കലോവ മണ്ഡലത്തിലെ എംപിയായ ഷനകിയന്‍ രസമാണിക്യം ടിവികെയ്ക്കും വിജയ്‌ക്കും ഐതിഹാസിക വിജയമാണുണ്ടായതെന്നും ശ്രീലങ്കയിലെ തമിഴ് ജനത നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പുതിയ തമിഴ്നാട് സര്‍ക്കാരുമായി സഹകരണം പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞു. 

തമിഴ്നാട്ടിലെ രാഷ്ട്രീയ അലയൊലികള്‍ എന്നും ശ്രീലങ്കയില്‍ പ്രതിഫലിക്കാറുണ്ട്. തമിഴ്നാട് തിരഞ്ഞെടുപ്പടക്കം രാഷ്ട്രീയവിഷയങ്ങളെ ശ്രീലങ്കന്‍ തമിഴര്‍ നിരീക്ഷിക്കാറുമുണ്ട്. തമിഴ്നാട്ടിലെ തങ്ങളുടെ പ്രിയ നേതാക്കള്‍ക്കായി ശ്രീലങ്കയില്‍ ഫ്ലക്സുകളും ബോര്‍ഡുകളും ഉയരാറുമുണ്ട്. എന്നാല്‍ വിജയ്‌ക്ക് ഒരു രാഷ്ട്രീയ നേതാവ് എന്നതിലുപരി നടന്‍ എന്ന പിന്തുണയും ശ്രീലങ്കയില്‍ ശക്തമാണ്. 

ENGLISH SUMMARY:

Thalapathy Vijay's political entry and overwhelming victory in Tamil Nadu have sparked celebrations not only in India but also in Sri Lanka. Sri Lankan Tamil newspapers and social media are buzzing with news of his success, with even prominent Tamil political leaders extending their congratulations.