ഭാര്യയും ഏഴ് കുട്ടികളുമുള്ള കുടുംബം, കാനഡയില്‍ മെക്കാനിക്കായിരുന്ന പോൾ വോൾഷ്റ്റ് എല്ലാ കുടുംബനാഥന്മാരെ പോലെ തന്‍റെ ജീവിതവുമായി മുന്നോട്ട് പോവുകയായിരുന്നു. എന്നാല്‍ പെട്ടെന്നൊരു നാള്‍ എല്ലാം മാറി. പോള്‍ ആറ് വയസുള്ള ഒരു ട്രാന്‍സ്ജെന്‍ഡറായി. വീടും ഭാര്യയേയും മക്കളേയും ഉപേക്ഷിച്ച അയാളെ ഒരു വൃദ്ധ ദമ്പതികള്‍ ഏറ്റെടുത്തു. അവരുടെ വീട്ടില്‍ പെണ്‍കുട്ടികളുടെ ഉടുപ്പണിച്ച്, മുടി മെനഞ്ഞുകെട്ടി, പാവക്കുട്ടികളെ കെട്ടിപ്പിടിച്ച് ഒരു ആറുവയസുകാരിയെ പോലെ ജീവിക്കുകയാണ് പോള്‍, പേരും മാറ്റി, സ്റ്റെഫാനി.
ഒരു സിനിമാ കഥ പോലെ തോന്നുന്നില്ലേ, എന്നാലല്ല, ഇതൊരു നടന്ന സംഭവമാണ്. 2009ലാണ് ആറ് വയസുള്ള ട്രാന്‍സ്ജെന്‍ഡറായി പോള്‍ സ്വയം ഐഡന്‍റിഫൈ ചെയ്യുന്നത്. ഇത് വീട്ടിലുണ്ടാക്കിയ പ്രശ്നങ്ങള്‍ ചില്ലറയല്ല. ഒന്നുകില്‍ പോളിന് പഴയതുപോലെ കുടുംബം നോക്കി ജീവിക്കാം, അല്ലെങ്കില്‍ ആറുവയസുകാരിയായി വീട്ടില്‍ നിന്നുമിറങ്ങാം, ഭാര്യ അന്ത്യശാസനം നല്‍കി. പോള്‍ രണ്ടാമത്തെ ഓപ്ഷന്‍ തിരഞ്ഞെടുത്തു, വീട് വിട്ടിറങ്ങി.
46-ാം വയസ്സിൽ അദ്ദേഹം തന്റെ കുടുംബത്തെ ഉപേക്ഷിച്ച് പുതിയ വ്യക്തിത്വത്തിലേക്ക് പൂർണ്ണമായി മാറി. കുട്ടികളുടെ വസ്ത്രങ്ങൾ ധരിക്കാനും മുടി രണ്ടു വശത്തും കെട്ടിവെക്കാനും തുടങ്ങി. ടൊറന്റോയിലുള്ള പ്രായമായ ഒരു ദമ്പതികളുടെ കൂടെയാണ് അദ്ദേഹം താമസമാക്കിയത്. അവർ അദ്ദേഹത്തെ ഒരു കൊച്ചുമകളെപ്പോലെയാണ് കണ്ടത്.
അദ്ദേഹത്തിന്‍റെ പെട്ടെന്നുള്ള മാറ്റം ഭാര്യയെയും ഏഴ് മക്കളെയും വൈകാരികമായും സാമ്പത്തികമായും വലിയ പ്രതിസന്ധിയിലാക്കി. എന്നാല്‍ വിഷയത്തില്‍ ഒരു പ്രതികരണം നടത്താന്‍ പോളിന്‍റെ കുടുംബം ഒരിക്കലും തയാറായില്ല. കടുത്ത വിഷാദത്തിൽ നിന്നും ആത്മഹത്യാ ചിന്തകളിൽ നിന്നും രക്ഷപ്പെടാനുള്ള ഒരുതരം 'പ്ലേ തെറാപ്പി' ആയാണ് താൻ ഈ ജീവിതരീതിയെ കാണുന്നത് എന്നാണ് പോള്‍ പറയുന്നത്. ചിലര്‍ ലഹരിയിലേക്ക് തിരിയും, ചിലര്‍ മെഡിക്കേഷനും തെറാപ്പിയും സ്വീകരിക്കും, എന്നാല്‍ തനിക്ക് ഇനി മുതിര്‍ന്നവരെ പോലെ ചിന്തിക്കണ്ട എന്നാണ് സ്റ്റെഫാനി പറയുന്നത്.