'ഭാര്യയെ എങ്ങനെ സ്നേഹിക്കണം' എന്ന പുസ്തകമെഴുതിയ പാസ്റ്റർ ഒന്നിലധികം ഭാര്യമാരുണ്ടെന്ന കേസില്‍ പിടിയിലായി. ഫ്ലോറിഡയിൽ നിന്നുള്ള 62 വയസ്സുകാരനായ പാസ്റ്റർ ലെസ്ലി വില്യംസ് ആണ് പിടിയിലായത്. ബഹുഭാര്യാത്വം എന്ന കുറ്റം ചുമത്തിയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

ജോർജിയയിൽ ഒരു സ്ത്രീയുമായി നിയമപരമായി വിവാഹിതനായിരിക്കെ തന്നെ ഇദ്ദേഹം ഫ്ലോറിഡയിൽ മറ്റൊരു വിവാഹം കഴിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിൽ തന്റെ പുതിയ വിവാഹത്തെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവരങ്ങൾ പുറത്തുവന്നത്. ഇതോടെ താങ്കള്‍ നേരത്തെ തന്നെ വിവാഹതനായിരുന്നല്ലോ എന്ന് കമന്‍റുകള്‍ വന്നു.

രണ്ട് മാസത്തിന് ശേഷം പുതിയ ഭാര്യയുടെ കവര്‍ ചിത്രം ഫെയ്​സ് ബുക്കില്‍ നിന്നും നീക്കി ഒരു കാറിന്‍റെ ചിത്രം ആക്കി. പ്രൊഫൈലില്‍ വിവാഹിതന്‍ എന്നുള്ളത് മാറ്റി അവിവാഹിതന്‍ എന്നാക്കിയിരുന്നു. ഏപ്രിൽ 3-ന് ജോർജിയയിൽ ഇദ്ദേഹത്തിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ഏപ്രിൽ 22-ന് ഫ്ലോറിഡയിലെ വീട്ടിൽ നിന്ന് പോലീസ് പിടികൂടുകയും ചെയ്തു. 2017-ൽ വില്യംസ് 'ലവ് ഹെര്‍ ലൈക്ക് ദിസ്, ലവിങ് ഹെര്‍ ഹാസ് നെവര്‍ ബീന്‍ ഡീപ്പര്‍' എന്ന പേരിൽ ഒരു പുസ്തകം എഴുതിയിരുന്നു.

ബൈബിൾ തത്വങ്ങൾ ഉപയോഗിച്ച് പുരുഷന്മാർ എങ്ങനെ ഭാര്യമാരെ സ്നേഹിക്കണമെന്നും ദൃഢമായ ദാമ്പത്യം കെട്ടിപ്പടുക്കണമെന്നുമാണ് പുസ്തകം പറയുന്നത്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വിശുദ്ധ ബന്ധത്തെ തകര്‍ക്കാന്‍ ശേഷിയുടെ പൊതുവായ പ്രശ്നങ്ങളെ കുറിച്ചും പുസ്തകം പറയുന്നു എന്നാണ് ഡിസ്ക്രിപ്ഷന്‍. 

ENGLISH SUMMARY:

Pastor Leslie Williams, author of 'Love Her Like This: Loving Her Has Never Been Deeper,' has been arrested on charges of bigamy. He was legally married in Georgia while also marrying another woman in Florida, with the deception coming to light through a Facebook post.