അന്തരിച്ച പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്സണെതിരെ ലൈംഗികാരോപണം. മൈക്കിള്‍ ജാക്സന്‍റെ രണ്ടാമത്തെ കുടുംബം എന്നറിയപ്പെടുന്ന കാസിയോ കുടുംബത്തിലെ നാല് സഹോദരങ്ങളാണ് അദ്ദേഹത്തിനെതിരെ ലൈംഗികാരോപണങ്ങളുമായി രംഗത്തെത്തിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ പരാതി നല്‍കിയിരുന്നെങ്കിലും സഹോദരങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസിന് അഭിമുഖം നല്‍കിയതോടെയാണ് സംഭവം പുറംലോകത്തേക്ക് ചര്‍ച്ചയായത്. ന്യൂജഴ്സിയില്‍ നിന്നുമുള്ള മൂന്ന് സഹോദരന്മാരും ഒരു സഹോദരിയുമാണ് പരാതി നല്‍കിയത്. 

2000-കളിൽ മൈക്കൽ ജാക്‌സണോടൊപ്പം കണ്‍സേര്‍ട് ടൂറുകളിൽ യാത്ര ചെയ്തപ്പോഴും, സ്വന്തം കുട്ടികളോടൊപ്പം തങ്ങളുടെ വീട് സന്ദർശിച്ച സമയത്ത് പോലും ജാക്‌സന്‍ പീഡിപ്പിച്ചുവെന്ന് പരാതിയിൽ ആരോപിക്കുന്നു. പരാതി പ്രകാരം, ജാക്‌സൺ പതിവായി താമസിച്ചിരുന്ന ഒരു ആഡംബര ഹോട്ടലിലായിരുന്നു സഹോദരങ്ങളുടെ പിതാവ് ജോലി ചെയ്തിരുന്നത്. ഇങ്ങനെയാണ് ജാക്സണ്‍ കുടുംബത്തോട് അടുക്കുന്നത്. ആ സമയത്ത് കുട്ടികളുടെ മാതാപിതാക്കൾക്ക് പീഡനത്തെക്കുറിച്ച് അറിയില്ലായിരുന്നു. 

ജാക്‌സൺ എസ്റ്റേറ്റ് കോ എക്സിക്യൂട്ടര്‍ ജോൺ ബ്രാങ്ക, ജോൺ മക്‌ക്ലെയ്ൻ, സ്വകാര്യ അന്വേഷകനായ ഹെർമൻ വീസ്‌ബെർഗ് എന്നിവരെയും പ്രതികളായി പരാതിയിൽ പരാമർശിക്കുന്നു. കുട്ടിക്കാലത്ത് ഏകദേശം 10 വർഷത്തോളം തങ്ങളെ മയക്കുമരുന്നും മദ്യവും നൽകി ലൈംഗികമായി പീഡിപ്പിച്ചു. ഈ സമയത്ത് ചില കുട്ടികള്‍ക്ക് ഏഴോ എട്ടോ വയസ് മാത്രമേ പ്രായം കാണൂ. സംഭവം പുറത്തുപറയാതിരിക്കാന്‍ തങ്ങളെ ബ്രെയിന്‍ വാഷ് ചെയ്തു. 

അതേസമയം മൈക്കൽ ജാക്സന്റെ വക്താക്കൾ ഈ ആരോപണങ്ങൾ നിഷേധിച്ചു. പണം തട്ടാനുള്ള ശ്രമമാണിതെന്നും ഇത്രയും നാള്‍ നിശ്ബദരായിരുന്നവര്‍ ഇപ്പോള്‍ എന്തുകൊണ്ട് പരാതിയുമയി രംഗത്തെത്തി എന്നും മൈക്കിള്‍ ജാക്സണ്‍ എസ്റ്റേറ്റ് പ്രതിനിധികള്‍ പറഞ്ഞു. ജാക്സന്‍റെ നിരപരാധിത്വത്തിനായി വര്‍ഷങ്ങളോളം വാദിച്ചവരാണ് കാസിയോ കുടുംബം. ജാക്സണ്‍ മരിച്ച് 15 വര്‍ഷങ്ങള്‍ക്ക് ശേഷവും അദ്ദേഹത്തിനെതിരെ ആരോപണങ്ങളുയരുന്നു. ജാക്സന്‍റെ കഴിവും വിജയവും മൂലം ഇന്നും അദ്ദേഹത്തെ ലക്ഷ്യമിടുന്നു. മൈക്കിള്‍ ജാക്സണ്‍ എസ്റ്റേറ്റ് പ്രതിനിധി മാര്‍ട്ടിന്‍ സിങ്ങര്‍ പറഞ്ഞു. ജാക്സന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ മൈക്കിള്‍ എന്ന ബയോപിക് തിയേറ്ററുകളിൽ എത്തിയ സമയത്താണ് ഈ പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടായിരിക്കുന്നത്.

ENGLISH SUMMARY:

Four siblings from the Cascio family, often referred to as Michael Jackson’s "second family," have come forward with new allegations of sexual abuse against the late pop star. The siblings claim the abuse began when some were as young as seven, involving the use of drugs and alcohol to facilitate exploitation over a ten-year period. While the Jackson estate dismisses these claims as a financial ploy, the siblings allege they were brainwashed into silence for decades. These revelations emerged through an interview with the New York Times, coinciding with the release of the biographical film Michael.