ഇറാന്‍ യുഎസ് യുദ്ധം അവസാനിപ്പിക്കാനുള്ള  രണ്ടാം ഘട്ട ചര്‍ച്ച രണ്ട് ദിവസത്തിനകമെന്ന് യുഎസ് പ്രസിഡന്റ്. എന്നാല്‍ ഇറാന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇസ‍്‍ലാമാബാദായിരിക്കും വേദി. അതിനിടെ, യുദ്ധം അവസാനിക്കാറായെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

 രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കരാര്‍ 21 ന് അവസാനിക്കാനിരിക്കെയാണ് രണ്ടാം ഘട്ട ചര്‍ച്ചയ്ക്ക് പാക്കിസ്താന്‍ മുന്‍കയ്യെടുക്കുന്നത്. ചര്‍ച്ച ഉടനെന്ന് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സും പറയുന്നുണ്ടെങ്കിലും ഇറാന്‍ സ്ഥിരീകരിച്ചിട്ടില്ല. ആണവകരാറിലും ഹോര്‍മൂസിലുമാണ് ആദ്യഘട്ട ചര്‍ച്ച വഴിമുട്ടിയത്. 20 വര്‍ഷത്തേക്ക് യുറേനിയം സമ്പൂഷ്ടീകരണം നര്‍ത്തലാക്കണമെന്നാണ് യുഎസ് ആവശ്യം. എന്നാല്‍ അഞ്ചുവര്‍ഷത്തേക്ക് നിര്‍ത്തിവയ്ക്കാമെന്നാണ് ഇറാന്‍ നിലപാട്. ഹോര്‍മുസ് വഴി ഇറാനിലേക്കും തിരിച്ചുമുള്ള സാമ്പത്തിക വ്യാപാരം പൂര്‍ണമായും തടഞ്ഞെന്ന് യുഎസ് സൈന്യം വ്യക്തമാക്കി. 19 യുദ്ധക്കപ്പലുകള്‍ കൂടി ഇവിടെ വിന്യസിച്ചു. 36മണിക്കൂറിനിടെ ഇറാന്‍ ബന്ധമുള്ള എട്ട് കപ്പലുകള്‍ തിരിച്ചയച്ചെന്നാണ് യുഎസ് അവകാശവാദം. എന്നാല്‍ നാല് കപ്പലുകളെങ്കിലും ഹോര്‍മുസ് വഴി കടന്നുപോയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുദ്ധം അവസാനിക്കാറായെന്ന് യുഎസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയില്‍ അസംസ്കൃത എണ്ണവില ബാരലിന് 100 ഡോളറിന് താഴെ തുടരുകയാണ്. അതിനിടെ, ലിയോ പാപ്പായ്ക്കെതിരെ പരിഹാസച്ചുവയുമായി ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. കഴിഞ്ഞ രണ്ട് മാസത്തിനിടെ കുറഞ്ഞത് 42,000 നിരപരാധികളെയെങ്കിലും ഇറാന്‍ കൊന്നൊടുക്കിയെന്ന് ലിയോ പാപ്പായോട് ആരെങ്കിലും പറഞ്ഞുകൊടുക്കണമെന്ന് ട്രംപ് സമൂഹമാധ്യമത്തില്‍ കുറിച്ചു. ഇറാന്റെ പക്കല്‍ ആണവായുധമുണ്ടാകുന്നത് അസ്വീകാര്യമെന്നും ട്രംപ് ലിയോ പാപ്പായോടായി പറഞ്ഞു. അതേസമയം, നാറ്റോ അമേരിക്കയ്ക്ക് വേണ്ടി നിലകൊണ്ടിരുന്നില്ലെന്നും അതിനാല്‍ ഭാവിയില്‍ അവര്‍ക്കായി യുഎസും നിലകൊള്ളില്ലെന്നും ട്രംപ് പറഞ്ഞു. അതിനിടെ, ഇറാൻ-യുഎസ് സമാധാന ചർച്ചകൾക്ക് വേദിയൊരുക്കിയ ഇസ്‌ലാമാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ ബില്‍  പാക് സര്‍ക്കാര്‍ അടച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. 

 

 

ENGLISH SUMMARY:

Iran US peace talks are expected to begin in Islamabad within two days, according to the US President, though Iran has not yet confirmed this. This second phase of talks comes as a two-week ceasefire is nearing its end, with Pakistan playing a key role in mediating the discussion.