പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ലബനനില്‍ ആക്രമണം രൂക്ഷമാക്കി ഇസ്രയേല്‍. യുഎസും ഇറാനും തമ്മിൽ ധാരണയായ വെടിനിർത്തലിന്റെ ഭാവി ആശങ്കയിലാക്കി വ്യാപക വ്യോമക്രമണമാണ് ഇസ്രയേൽ നടത്തിയത്. ബെയ്റൂട്ടിലടക്കം നൂറിലധികം കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരുക്കേറ്റു.
സംഘര്‍ഷം ആരംഭിച്ചശേഷമുള്ള ഏറ്റവും കനത്ത ആക്രമണമാണിത്. ബെയ്റൂട്ട്, ബഖാ താഴ്‌വര, തെക്കൻ ലബനൻ എന്നിവിടങ്ങളിലായി ഹിസ്ബുല്ലയുടെ നൂറിലധികം കമാൻഡ് സെന്ററുകളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഫെബ്രുവരി 28ന് ശേഷമുണ്ടായ ആക്രമണത്തില്‍ ആയിരത്തി അഞ്ഞൂറിലധികം പേരാണ് ഇതുവരെ ലബനനില്‍ കൊല്ലപ്പെട്ടത്.
മറുപടിയായി ഹിസ്ബുള്ള ഇസ്രായേലിന്റെ വടക്കൻ മേഖലകളിലേക്ക് റോക്കറ്റ്-മിസൈൽ ആക്രമണങ്ങൾ തുടരുകയാണ്. ഇസ്രയേലിന്റേത് വെടിനിര്‍ത്തല്‍ ധാരണയുടെ ലംഘനമാണെന്ന് ആരോപിച്ച് ഇറാന്‍ ഹോര്‍മുസില്‍ കപ്പല്‍ ഗതാഗതം തടഞ്ഞു. സുഹൃദ് രാജ്യങ്ങളുടെ കപ്പലുകള്‍ക്കാണ് നിലവില്‍ ഇറാന്‍ അനുമതി നല്‍കിയിരുന്നത്.