us-israel

ഇറാഖിനു പിന്നാലെ ലെബനനിലുള്ള തങ്ങളുടെ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാൻ നിർദേശം നൽകി യു.എസ്. ലെബനനിലെ സുരക്ഷാ സാഹചര്യം അസ്‌ഥിരവും പ്രവചനാതീതവുമാണെന്ന് ബെയ്റൂട്ടിലെ യുഎസ് എംബസി മുന്നറിയിപ്പ് നൽകി. ഡ്രോൺ, റോക്കറ്റ് ആക്രമണങ്ങൾ എന്നിവ വർധിക്കുന്ന സാഹചര്യത്തിൽ വിമാനങ്ങള്‍ ലഭ്യമാകുമ്പോള്‍ത്തന്നെ രാജ്യം വിടണമെന്നാണ് നിര്‍ദേശം. 

തെക്കൻ ലെബനൻ, സിറിയൻ അതിർത്തി മേഖലകൾ, അഭയാർഥി ക്യാംപുകൾ, ദഹിയ ഉൾപ്പെടെയുള്ള പ്രാന്തപ്രദേശങ്ങൾ എന്നിവിടങ്ങളിലുള്ളവര്‍ ഉടന്‍ ഒഴിയണമെന്നാണ് ആവശ്യം. ലെബനനിലെ അമേരിക്കൻ സർവകലാശാലകൾ സായുധ സംഘങ്ങൾ ലക്ഷ്യമിട്ടേക്കാമെന്നും എംബസി മുന്നിറിയിപ്പ് നല്‍കി. ഇറാൻ അമേരിക്കൻ യുദ്ധവിമാനം വെടിവച്ചിട്ടതും, ബെയ്റൂട്ടിലും ടെഹ്റാനിലും ഇസ്രയേൽ നടത്തിയ ആക്രമണങ്ങളും മേഖലയിലെ സംഘർഷം കടുപ്പിച്ചിരിക്കുകയാണ്. അതിനിടെ ലെബനനിലെ യുഎൻ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് സമാധാന സേനാംഗങ്ങൾക്ക് പരുക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. 

അതേസമയം അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ വഴിമുട്ടിയതായി റിപ്പോർട്ട്. പാക്കിസ്‌ഥാന്‍ നേതൃത്വത്തിൽ നടന്ന അനുരഞ്ജന ശ്രമങ്ങൾ പരാജയപ്പെട്ടതായി വാൾ സ്ട്രീറ്റ് ജേർണല്‍ റിപ്പോർട്ട് ചെയ്തു. ചർച്ചയിൽ നിന്ന് ഇറാൻ പിന്മാറിയതായാണ് വിവരം . ഇസ്ലാമാബാദിൽ വച്ച് അമേരിക്കൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താൻ ഇറാൻ വിസമ്മതിച്ചു. 

അമേരിക്ക മുന്നോട്ടുവച്ച നിബന്ധനകൾ അംഗീകരിക്കാനാവില്ലെന്നും ഇറാൻ വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് പൂർണമായും തുറന്നുനൽകിയാൽ മാത്രമേ വെടിനിർത്തൽ പരിഗണിക്കൂ എന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. പുതിയ ചർച്ചകൾക്ക് ഈജിപ്‌തും തുർക്കിയും ശ്രമിക്കുന്നുണ്ട്. 

Lebanon Security Alert: US Issues Evacuation Advisory:

US advises citizens to leave Lebanon due to escalating instability and unpredictable security situations, urging them to depart as soon as possible via available flights. The warning highlights increased drone and rocket attacks, potential threats to American universities, and unrest stemming from regional military actions.