neo-nazi

റഷ്യയിലെ ഉഫയിലുള്ള മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ അതിക്രമിച്ചു കയറി നാല് ഇന്ത്യൻ വിദ്യാർഥികളെ ഉൾപ്പെടെ ആക്രമിച്ച 15 വയസ്സുകാരൻ നിയോ നാസി ഗ്രൂപ്പിലെ അംഗമാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇരകളുടെ രക്തം ഉപയോഗിച്ച് ഹോസ്റ്റൽ ചുവരിൽ ഇയാൾ നാസി ചിഹ്നം വരച്ചതായും റിപ്പോര്‍ട്ടുണ്ട്.  

നിയോ നാസി സംഘടനയിൽ അക്രമി പ്രവർത്തിച്ചിരുന്നതായി റഷ്യൻ സുരക്ഷാ ഏജൻസികളുമായി ബന്ധമുള്ള 'ബാസ' ചാനൽ റിപ്പോർട്ട് ചെയ്തു. ആക്രമണ സമയത്ത് ഇയാൾ ഹോളോകോസ്റ്റ് (ജൂത വംശഹത്യ) അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ചിരുന്നതായും പറയപ്പെടുന്നു.

കത്തി ഉപയോഗിച്ചുള്ള ആക്രമണത്തിൽ നാല് ഇന്ത്യൻ വിദ്യാർഥികൾക്കും രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റു. പിടിയിലാകുന്നതിന് മുൻപ് അക്രമി സ്വയം പരിക്കേൽപ്പിക്കുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്തു.

ആക്രമണത്തിൽ പരുക്കേറ്റവരിൽ നാല് ഇന്ത്യൻ വിദ്യാർഥികളുണ്ടെന്ന് മോസ്കോയിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. കസാനിലെ ഇന്ത്യൻ കോൺസൽ ജനറലിൽ നിന്നുള്ള ഉദ്യോഗസ്ഥർ വിദ്യാർഥികളെയും കുടുംബങ്ങളെയും സഹായിക്കുന്നതിനായി ഉഫയിലേക്ക് തിരിച്ചിട്ടുണ്ട്.

അഡോൾഫ് ഹിറ്റ്‌ലറുടെയും നാസി പാർട്ടിയുടെയും വംശീയ വിദ്വേഷത്തിലും അധിനിവേശത്തിലും അധിഷ്ഠിതമായ തീവ്ര വലതുപക്ഷ പ്രത്യയശാസ്ത്രത്തെ വീണ്ടും ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്ന സംഘടനകളെയാണ് നിയോ നാസികള്‍ എന്ന് വിളിക്കുന്നത്.

ENGLISH SUMMARY:

Indian students were attacked in Ufa, Russia, by a 15-year-old neo-Nazi group member who reportedly drew Nazi symbols with the victims' blood on the hostel wall. The attack, which also injured two police officers, involved the assailant shouting pro-Holocaust slogans.