gandhi-statue-image

ഓസ്ട്രേലിയയിലെ മെൽബണിലുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ പ്രതിമ മോഷണം പോയി. 426 കിലോ ഭാരമുള്ള വെങ്കല പ്രതിമയാണ് തിങ്കളാഴ്ച പുലർച്ചെ അജ്ഞാതർ കവർന്നത്.  പൂർണകായ പ്രതിമയുടെ കാൽപാദത്തിന് മുകളിലായി യന്ത്രം ഉപയോഗിച്ച് മുറിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. 

മുഖം മൂടി ധരിച്ച മൂന്നു പേരാണ് മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. വളരെ ആസൂത്രിതമായാണ് ഇവർ മോഷണം നടത്തിയത്. വൻ ഭാരമുള്ള പ്രതിമ മുറിച്ചുമാറ്റി കടത്താൻ വലിയ യന്ത്രങ്ങളും വാഹനവും ഇവർ ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ് പൊലീസ് നിഗമനം.

ചരിത്രപരവും സാംസ്‌കാരികവുമായ ഏറെ പ്രാധാന്യമുള്ള പ്രതിമയാണ് മോഷ്ടിക്കപ്പെട്ടത്.  ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിനായി ഇന്ത്യൻ സർക്കാർ നൽകിയതാണ് പ്രതിമ. 2021 നവംബറിൽ അന്നത്തെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. പ്രതിമ അനാച്ഛാദനം ചെയ്തതിന്റെ 24-ാം മണിക്കൂറിനുളളിൽ തന്നെ പ്രതിമക്ക് നേരെ ആക്രമണവും നടന്നിരുന്നു. 

ഓസ്ട്രേലിയയിൽ സമീപകാലത്തായി വർദ്ധിച്ചുവരുന്ന ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമാണോ മഹാത്മാഗാന്ധി പ്രതിമയുടെ മോഷണമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ മെൽബണിലെ ക്ഷേത്രങ്ങൾക്ക് നേരെയും ഗാന്ധി പ്രതിമകൾക്ക് നേരെയും ഖലിസ്ഥാൻ അനുകൂലികൾ ആക്രമണം നടത്തിയിരുന്നു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്.

ENGLISH SUMMARY:

A 426 kg bronze statue of Mahatma Gandhi was stolen from the Indian Community Center in Melbourne, Australia. CCTV footage revealed three masked individuals cutting the statue above the feet using heavy machinery. Authorities suspect a planned act, potentially linked to rising anti-India activities in the region.