ഇന്ത്യ-യു.എസ്. വ്യാപാരക്കരാറിലെ വ്യവസ്ഥകളില്‍ അവ്യക്തതയും ആശങ്കയും ഏറെ. ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കുള്ള തീരുവ കുറച്ചത് ആശ്വാസകരമാണെങ്കിലും കാര്‍ഷിക മേഖല തുറന്നുകൊടുത്താല്‍ കനത്ത തിരിച്ചടിയാവും. ചോളവും സോയ ബീനും അടക്കം ജനിതക മാറ്റം വരുത്തിയ വിളകള്‍, ക്ഷീരമേഖല എന്നിവ തുറന്നുകൊടുത്താല്‍ ഇന്ത്യന്‍ കര്‍ഷകരുടെ നട്ടെല്ലൊടിയും. റഷ്യന്‍ എണ്ണയ്ക്കു പകരം വെനസ്വേലന്‍ എണ്ണ വാങ്ങുന്നതും സാമ്പത്തിക ഭാരം വര്‍ധിപ്പിക്കും.
വ്യാപാര കരാര്‍ പ്രഖ്യാപനത്തിന് പിന്നാലെ അമേരിക്കന്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയുടെ വിശാലമായ വിപണി തുറന്നുകിട്ടുന്നു എന്നാണ് യു.എസ്. കാര്‍ഷിക സെക്രട്ടറി ബ്രൂക് റോളിന്‍സ് പറഞ്ഞത്. ഏതെല്ലാം ഉല്‍പന്നങ്ങള്‍ക്കാണ് അനുമതി നല്‍കിയതെന്ന് വ്യക്തമല്ല. ചോളവും സോയ ബീനും അടക്കം ജനിതക മാറ്റം വരുത്തിയ വിളകള്‍, ക്ഷീരമേഖല എന്നിവ തുറന്നുകൊടുത്താല്‍ ഇന്ത്യന്‍ കര്‍ഷകരുടെ നട്ടെല്ലൊടിയും. ഗ്രാമീണ സമ്പദ് വ്യവസ്ഥയും തകരും. മറ്റ് വ്യാപാര കരാറുകളില്‍ നിന്നെല്ലാം കാര്‍ഷിക, ക്ഷീര മേഖലയെ ഇന്ത്യ ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ കയറ്റുമതി തീരുവ 50 ശതമാനത്തില്‍ നിന്ന് 18 ആക്കിയത് ആശ്വാസമാണ്. സമുദ്രോല്‍പന്നങ്ങള്‍, ടെക്സ്റ്റൈല്‍ മേഖല, ആഭരണ കയറ്റുമതി എന്നിവയ്ക്കൊക്കെ കാര്യമായ ഗുണം ലഭിക്കും. കര്‍ഷകരെ ദോഷകരമായി ബാധിക്കാത്ത രീതിയിലാണ് കരാര്‍ എന്ന് സീ ഫുഡ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ ഇന്ത്യ സെക്രട്ടറി ജനറല്‍ കെ.എന്‍.രാഘവന്‍ പറഞ്ഞു
എല്ലാ യു.എസ്. ഉല്‍പന്നങ്ങള്‍ക്കും ഇറക്കുമതി തീരുവ പൂജ്യമാക്കി എന്ന് ട്രംപ് പറയുമ്പോള്‍ കരാറിന്‍റെ നേട്ടം ഇന്ത്യയേക്കാള്‍ യു.എസിനാണെന്ന് വിലയിരുത്തേണ്ടിവരും. കുറഞ്ഞ വിലയ്ക്ക് ഇന്ത്യ വാങ്ങിയിരുന്ന റഷ്യന്‍ എണ്ണയ്ക്ക് പകരം വെനസ്വേലയുടെയും യു.എസിന്‍റെയും എണ്ണ വാങ്ങുമ്പോള്‍ സാമ്പത്തിക ബാധ്യത ഏറുമെന്നുറപ്പ്. ക്ലൗഡ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ തീരുവ ഇളവ് നല്‍കിയതടക്കം ബജറ്റിലും യു.എസിന് ഇന്ത്യ പരോക്ഷ ഇളവുകള്‍ നല്‍കിയിരുന്നു.