Image: X,@/ChrisKeatingNJ
രണ്ട് ആണ്‍മക്കളെ കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജ ന്യൂജഴ്സിയില്‍ അറസ്റ്റിലായി. ചൊവ്വാഴ്ച്ച രാത്രിയാണ് രണ്ട് കുഞ്ഞുങ്ങളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹില്‍സ്ബറോ ടൗണ്‍ഷിപ്പില്‍ താമസിക്കുന്ന 35കാരിയായ പ്രിയദര്‍ശിനി നടരാജനാണ് പിടിയിലായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി 13നാണ് കൊലപാതകം നടന്നത്.
വൈകിട്ട് ആറേമുക്കാലോടെ കുഞ്ഞുങ്ങളുടെ പിതാവാണ് സംഭവം അറിയിച്ചതെന്ന് സൊമെര്‍സെറ്റ് കൗണ്ടി പ്രോസിക്യൂട്ടര്‍ ജോണ്‍ മക്ഡൊണാല്‍ഡ് അറിയിച്ചു. ജോലി കഴിഞ്ഞെത്തിയപ്പോള്‍ തന്‍റെ അഞ്ചും ഏഴും വയസുള്ള കുഞ്ഞുങ്ങളെ അബോധാവസ്ഥയില്‍ കണ്ടെത്തിയെന്നും ഭാര്യ അവരെ എന്തോ ചെ്യതുവെന്നുമായിരുന്നു വിളിച്ചയാള്‍ പറഞ്ഞത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലീസും മെഡിക്കല്‍ സംഘവും കുഞ്ഞുങ്ങളെ രക്ഷിക്കാനായി ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
കുഞ്ഞുങ്ങളുടെ പേരുവിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. ഹില്‍സ്ബറോ പൊലീസ് അറസ്റ്റ് ചെയ്ത പ്രിയദര്‍ശിനിയെ സൊമെര്‍സെറ്റ് കൗണ്ടി ജയിലിലേക്ക് മാറ്റി. മരണകാരണം പരിശോധിച്ചുവരികയാണ്. നോര്‍ത്തേണ്‍ റീജിയണല്‍ മെഡിക്കല്‍ എക്സാമിനേഴ്സ് ഓഫീസിലാണ് പോസ്റ്റുമോര്‍ട്ടം നടക്കുക. ഹില്‍സ്ബറോ ടൗണ്‍ഷിപ്പ് പൊലീസ് ഡിപ്പാര്‍ട്ട്മെന്റും സൊമെര്‍സെറ്റ് കൗണ്ടി പ്രോസിക്യൂട്ടേഴ്സ് ക്രൈംസ് യൂണിറ്റും ചേര്‍ന്നാണ് അന്വേഷണം നടത്തുന്നത്.