Image Credit: X / Jim Grimes
തിരക്കേറിയ റോഡിന് നടുവില്‍ പെട്ട കുഞ്ഞുങ്ങളെ രക്ഷിച്ച യുവാവിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഫ്ലോറിഡയിലെ ബ്രെവാർഡ് കൗണ്ടിയിലെ തിരക്കേറിയ റോഡിന് നടുവിലാണ് രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ പെട്ടുപോയത്. കാറോടിക്കുകയായിരുന്ന ജോൺ ബ്രിട്ടിങ്ഹാം ആണ് കുട്ടികളെ ശ്രദ്ധിച്ചത്.
കുഞ്ഞുങ്ങളെ കണ്ടയുടന്‍ തന്നെ ഇയാള്‍ റോഡിലേക്കിറങ്ങി ഇവരുടെ നേര്‍ക്ക് ഓടുകയായിരുന്നു. ഒരു കൈകൊണ്ട് വാഹനങ്ങളെ നിർത്താൻ സിഗ്നൽ നൽകി. ഒരു കുഞ്ഞിനെ എടുത്ത് അടുത്ത് കുഞ്ഞിന്‍റെ അടുത്തേക്കും നടന്നു. പരിഭ്രമിച്ചു പോയ കുഞ്ഞിന് ആളെ അറിയില്ലെങ്കിലും എടുക്കാനായി കൈകള്‍ നീട്ടി.
തുടർന്ന് കുട്ടികള്‍ എവിടെ നിന്ന് വന്നതാകാം എന്ന് അന്വേഷിച്ചപ്പോൾ സമീപത്തെ വീടിന്‍റെ തുറന്ന ഗേറ്റ് കണ്ടെത്തി. കുട്ടികൾ പുറത്തേക്ക് പോയ വിവരം കുടുംബത്തിന് അറിയില്ലായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. കുട്ടികൾക്ക് പരുക്കുകളൊന്നുമില്ല. തക്ക സമയത്ത് ഇടപെട്ടില്ലെങ്കിൽ വലിയ അപകടം സംഭവിക്കാമായിരുന്നുവെന്ന് ബ്രിട്ടിങ്ഹാം പറഞ്ഞു. അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടലിന് സമൂഹമാധ്യമങ്ങളിൽ വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്.