നഴ്സിനെ ലൈംഗികമായി ഉപദ്രവിച്ച ലഹരി വിമോചന കേന്ദ്രത്തിലെ അന്തേവാസിക്ക് 10 മാസം തടവ് ശിക്ഷ. സിംഗപ്പൂരിൽ ലഹരി വിമോചന കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന 42-കാരനായ സാദിഖ് മുഹമ്മദിനെയാണ് കോടതി ശിക്ഷിച്ചത്. വൈദ്യപരിശോധനയ്ക്കിടെ തന്നെ സഹായിച്ച നഴ്സിനെ ഇയാൾ ഉപദ്രവിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു.
മദ്യാസക്തിയെ തുടര്‍ന്നുള്ള വിത്‌ഡ്രോവൽ സിംപ്റ്റം കാണിച്ചു തുടങ്ങിയ സാദിഖിനെ പരിശോധിക്കുന്നതിനിടയില്‍ ഇയാള്‍ നഴ്സിനെ കടന്നുപിടിച്ചു. തുടർന്ന് ഇയാൾ നഴ്സിനെ നോക്കി ചിരിക്കുകയും മോശം ആംഗ്യം കാണിക്കുകയും ചെയ്തു. സംഭവസമയത്ത് അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍റെ ബോഡികാമിൽ ഈ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.
ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ആരോഗ്യപ്രവർത്തകയോട് ഇത്തരത്തിൽ പെരുമാറുന്നത് കടുത്ത ശിക്ഷ അർഹിക്കുന്ന കുറ്റമാണെന്ന് ജില്ലാ ജഡ്ജി ഷർമിള ശ്രീപ്പതി ഷാനാസ് വ്യക്തമാക്കി. പ്രതി ഇതിനുമുമ്പും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പൊതുസ്ഥലത്ത് നഗ്നനായി പ്രത്യക്ഷപ്പെട്ടതുൾപ്പെടെയുള്ള മറ്റ് കേസുകളും ഇയാൾക്കെതിരെ നിലവിലുണ്ട്. നേരത്തെ അഞ്ച് മാസം തടവ് ലഭിച്ചിരുന്നു.
സിംഗപ്പൂർ നിയമപ്രകാരം സ്ത്രീയുടെ അന്തസിനെ അപമാനിക്കുന്ന കുറ്റത്തിന് മൂന്ന് വർഷം വരെ തടവോ, പിഴയോ, ചൂരൽ അടിയോ അല്ലെങ്കിൽ ഇവയെല്ലാം ചേർന്ന ശിക്ഷയോ ലഭിക്കാം. ഈ കേസിൽ പ്രതിയുടെ കുറ്റം തെളിഞ്ഞതിനെത്തുടർന്ന് 10 മാസത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.