ആയത്തുല്ല അലി ഖമനയി, ഡോണള്‍ഡ് ട്രംപ്

ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങൾ അക്രമാസക്തമായ ഇറാനില്‍ സൈനിക ഇടപെടലിനുള്ള സാധ്യതകള്‍ പരിശോധിച്ച് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. പ്രതിഷേധക്കാർക്ക് നേരെ ഇറാനിയൻ സൈന്യം നടത്തുന്ന ക്രൂരമായ അടിച്ചമർത്തൽ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണങ്ങളെക്കുറിച്ച് ട്രംപ് ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇറാനിലെ സുരക്ഷാ സേനയെ ലക്ഷ്യമിട്ട് വ്യോമാക്രമണങ്ങൾ നടത്താന്‍ ആലോചിക്കുന്നുണ്ട്. എന്നാൽ ഇറാനിലേക്ക് കരസേനയെ അയക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. 

സാമ്പത്തിക പ്രതിസന്ധിയും പണപ്പെരുപ്പവും മൂലം ഇറാനിൽ കഴിഞ്ഞ മൂന്നാഴ്ചയായി തുടരുന്ന പ്രക്ഷോഭങ്ങളിൽ ഇതുവരെ 116 പേർ കൊല്ലപ്പെട്ടതായി യുഎസ് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. 2022 ഉണ്ടായ പ്രതിഷേധങ്ങളേക്കാൾ വലിയ  പ്രക്ഷോഭമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. മേഖലയിൽ സംഘർഷം വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇസ്രായേൽ സൈന്യം അതിർത്തികളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. 

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. അതേസമയം അമേരിക്കൻ ഇടപെടലുണ്ടായാൽ മേഖലയിലെ യു.എസ് സൈനിക താവളങ്ങളെ ലക്ഷ്യം വെക്കുമെന്ന് ഇറാൻ തിരിച്ചടിച്ചു. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ രാജ്യങ്ങൾ ഇടപെടേണ്ടതില്ലെന്ന് ഇറാൻ ഭരണകൂടം വ്യക്തമാക്കി. 

2025-ൽ ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ 'ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ' എന്ന ആക്രമണത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അതീവ വഷളായ നിലയിലായിരുന്നു. പുതിയ സൈനിക നീക്കം പശ്ചിമേഷ്യയെ ഒരു പൂർണ്ണ യുദ്ധത്തിലേക്ക് നയിക്കുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.

ENGLISH SUMMARY:

Iran protests are escalating, prompting the US to consider military options. The potential intervention raises concerns about regional conflict and further deterioration of US-Iran relations.