പാക്കിസ്ഥാന്‍ സൈന്യവുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തി ലഷ്കറെ തയിബയുടെ ഉന്നത നേതാവ്. സൈന്യം നടത്തുന്ന പരിപാടികളിലെ സ്ഥിരം ക്ഷണിതാവാണെന്നും സൈനികരുടെ സംസ്കാര ചടങ്ങുകളില്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കാറുണ്ടെന്നും പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരനും ഹാഫിസ് സയിദിന്റെ അനുയായിയുമായ സൈഫുള്ള കസൂരി പറയുന്നു.
പാക്കിസ്ഥാനിലെ ഒരു സ്കൂളില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു സൈഫുള്ള കസൂരി. താന്‍ സംഘടനയിലുള്ളതിനാല്‍ ഇന്ത്യയ്ക്ക് ഭയമാണെന്ന് അവകാശപ്പെട്ട കസൂരി ന്യൂഡല്‍ഹിക്കെതിരെ പ്രകോപനപരമായ ഭീണഷികളും മുഴക്കി. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പരിപാടികളിലും പ്രാര്‍ത്ഥനാ വേളകളിലും താന്‍ സ്ഥിരം ക്ഷണിതാവാണെന്നും കസൂരി അവകാശപ്പെടുന്നു.
ഈ വിഡിയോ പുറത്തുവന്നതോടെ ഭീകരസംഘവുമായി പാക് സൈന്യത്തിനുള്ള ബന്ധം പൂര്‍ണമായും ബോധ്യപ്പെടുകയാണ്. ഭീകരപ്രവര്‍ത്തകരുമായി ബന്ധമില്ലെന്നും അത്തരം സംഘടനകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നുവെന്നും പാക്കിസ്ഥാന്‍ ആഗോള ഉച്ചകോടികളില്‍ ഉള്‍പ്പെടെ പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് പുതിയ വാദങ്ങള്‍ പുറത്തുവന്നത്.
വിദ്യാര്‍ഥികള്‍ക്കു മുന്‍പില്‍ ഇന്ത്യക്കെതിരെ ആക്ഷേപ പരാമര്‍ശങ്ങള്‍ ഉന്നയിച്ച കസൂരി കശ്മീര്‍ തന്നെയാണ് തങ്ങളുടെ പ്രധാനലക്ഷ്യമെന്നും പറയുന്നു. പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ എന്ന് ആരോപിക്കപ്പെട്ടതോടെ താന്‍ പ്രശസ്തനായെന്ന് മുന്‍പ് പഞ്ചാബ് പ്രവിശ്യയില്‍ നടന്ന ഒരു റാലിക്കിടെ ഇയാള്‍ അവകാശപ്പെട്ടിരുന്നു.