അബുദാബി-ദുബായ് റോഡിലെ ഗന്തൂത്തിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി മരിച്ചു. ചികിത്സയിലായിരുന്ന മലപ്പുറം തിരൂർ സ്വദേശി അബ്ദുൽ ലത്തീഫിന്റെ മകൻ അസാം ആണ് ഇന്ന് മരണത്തിനു കീഴടങ്ങിയത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.
ലത്തീഫിന്റെ മക്കളായ അഷാസ്, അമ്മാർ, അയാഷ് എന്നിവർക്കൊപ്പം വീട്ടുജോലിക്കാരി ചമ്രവട്ടം സ്വദേശി ബുഷ്റയും അപകടത്തിൽ മരിച്ചിരുന്നു. ലിവ ഫെസ്റ്റിവൽ സന്ദർശിച്ച് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച നിസാന്‍ പട്രോള്‍ കാര്‍ നിയന്ത്രണം വിട്ട് മറിയികുകയായിരുന്നു. മരിച്ച നാല് കുട്ടികളുടെയും മൃതദേഹം യു.എ.ഇയില്‍ തന്നെ കബറടക്കും. അതേ സമയം ബുഷ്റയുടെ മൃതദേഹം നടപടികൾ പൂർത്തിയാക്കി ഇന്ന് പുലർച്ചെ നാട്ടിലേക്ക് കൊണ്ടുപോകും.
പരിക്കേറ്റ മാതാവ് റുക്സാന തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. അതേസമയം അബ്ദുൽ ലത്തീഫിന്റെയും മകൾ ഇസ്സയുടെയും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.