യുഎഇയിലെ പ്രവാസികളുടെ ആസ്തികൾ സംബന്ധിച്ച നിയമവ്യവസ്ഥകളിൽ മാറ്റങ്ങളുമായി പുതിയ സിവിൽ ഇടപാട് നിയമം പ്രാബല്യത്തിൽ വരുന്നു. വിൽപ്പത്രമോ നിയമപരമായ അവകാശികളോ ഇല്ലാതെ മരണപ്പെടുന്ന വിദേശികളുടെ സ്വത്തുക്കൾ ഇനിമുതൽ സർക്കാർ ഏറ്റെടുത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്നാണ് പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥ. രാജ്യത്തെ നീതിന്യായ വ്യവസ്ഥ കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായി 2026 ജനുവരി ഒന്നിനാണ് പ്രഖ്യാപനം പുറത്തുവന്നത്.
നേരത്തെ അവകാശികളില്ലാത്ത വിദേശികളുടെ ആസ്തികൾ സംബന്ധിച്ച് നിലനിന്നിരുന്ന നിയമപരമായ അവ്യക്തതകൾക്ക് പരിഹാരം കാണാൻ പുതിയ പരിഷ്‌കാരത്തിലൂടെ സാധിക്കും. ബാങ്ക് അക്കൗണ്ടുകൾ, ഭൂസ്വത്തുക്കൾ, മറ്റ് നിക്ഷേപങ്ങൾ എന്നിവ വർഷങ്ങളോളം കോടതി നടപടികളിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കി ഇവയെ ഒരു ചാരിറ്റബിൾ എൻഡോവ്‌മെന്റായി മാറ്റാനാണ് സർക്കാർ തീരുമാനം. കൃത്യമായ ഓഡിറ്റിംഗിലൂടെയും സർക്കാർ മേൽനോട്ടത്തിലൂടെയും ഇത്തരം തുക അർഹരായവരിലേക്ക് എത്തുന്നുണ്ടെന്ന് പുതിയ നിയമം ഉറപ്പുവരുത്തുന്നു. മരണപ്പെട്ട വ്യക്തി ഔദ്യോഗികമായി വിൽപ്പത്രം തയ്യാറാക്കാതിരിക്കുകയും സ്വത്തുക്കൾക്ക് അവകാശവാദം ഉന്നയിക്കാൻ രക്തബന്ധമുള്ളവർ ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മാത്രമാണ് നടപടി സ്വീകരിക്കുക. ബിസിനസ് രംഗത്തെ സുതാര്യത വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നീക്കം ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും വലിയ ആശ്വാസമാണ് നൽകുന്നത്. അതേസമയം, സ്വന്തം സമ്പാദ്യം കുടുംബാംഗങ്ങൾക്ക് തന്നെ ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന പ്രവാസികൾ യുഎഇ നിയമപ്രകാരം വിൽപ്പത്രങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതിന്റെ പ്രാധാന്യവും അധികൃതർ ഓർമ്മിപ്പിക്കുന്നു. അവകാശികളെ കൃത്യമായി രേഖപ്പെടുത്താത്ത പക്ഷം ആസ്തികൾ പൊതുനന്മയ്ക്കായി കണ്ടുകെട്ടുന്ന സാഹചര്യം ഒഴിവാക്കാൻ ഇത് സഹായിക്കും. നിയമത്തിന്റെ പൂർണ്ണരൂപം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ വിഷയത്തിൽ കൂടുതൽ വ്യക്തത കൈവരുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.