സ്പാ ചെയ്യാനെത്തിയപ്പോള്‍ മുറിയിലേക്ക് കടന്നുവന്നത് പുരുഷ തെറപിസ്റ്റ് എന്ന് യുവതിയുടെ പരാതി. ഡിസംബർ 12-ന് ഹുനാൻ പ്രവിശ്യയിലെ ചാങ്ഷയിലുള്ള യൂഷിമാൻ ഹൈ-ടെക് ആന്റി-ഏജിംഗ് സെന്ററിലാണ് ഈ സംഭവം നടന്നത്. പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോഴാണ് സെന്റര്‍ മാനേജര്‍ വനിതാ തെറപിസ്റ്റിനെ അനുവദിച്ചതെന്നും ഹുവാങ് എന്ന സ്്ത്രീ പറയുന്നു.
സ്പാ സെന്ററിലെത്തിയ ഹുവാങ്ങിനോട് വസ്ത്രങ്ങള്‍ മാറി തയ്യാറായിരിക്കാന്‍ ജീവനക്കാര്‍ പറഞ്ഞു. ഇതനുസരിച്ച് വസ്ത്രങ്ങൾ മാറി, തോളിലും കഴുത്തിലും മസാജ് ചെയ്യുന്നതിനായി കമിഴ്ന്നു കിടന്നു. ആദ്യം ഒരു വനിതാ ജീവനക്കാരി മുറിയിലേക്കുവന്ന് ഹുവാങ്ങിന്റെ ശരീരത്തിൽ ഒരു ടവൽ ഇട്ടുകൊടുത്തു. പിന്നാലെ മറ്റൊരാൾ മുറിയിലേക്ക് പ്രവേശിച്ചു, അതൊരു പുരുഷനാണെന്ന് തിരിച്ചറിഞ്ഞതോടെ ഹുവാങ് ബഹളം വച്ചു.
നഗ്നയായി കിടക്കുമ്പോൾ ഒരു പുരുഷ തെറാപ്പിസ്റ്റിനെ അംഗീകരിക്കാനാവില്ലെന്ന് ഹുവാങ് വിശദീകരിച്ചു. എന്നാല്‍ ഇതുകേട്ട വനിതാ മാനേജര്‍ ഹുവാങ്ങിനെ പരിഹസിക്കുകയായിരുന്നു. താൻ നഗ്നയായിരിക്കുമ്പോൾ ഒരു പുരുഷൻ മുറിയിൽ നിൽക്കുന്നത് ഉചിതമല്ലെന്ന് ഹുവാങ് ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും മറ്റൊരാളെ വിടാനാവില്ലെന്നായിരുന്നു മാനേജറുടെ നിലപാട്.
പുരുഷ തെറാപ്പിസ്റ്റ് ചെറുപ്പക്കാരനും സുന്ദരനുമാണെന്നും, ഹുവാങ്ങിന് അവരുടെ അമ്മയുടെ പ്രായമുണ്ടെന്നും മാനേജര്‍ പറഞ്ഞു. ഇതുതന്നെ കൂടുതല്‍ അസ്വസ്ഥയാക്കിയെന്നും യുവതി പറയുന്നു. അറിവില്ലാത്തവള്‍ എന്നുവിളിച്ച് ഹുവാങ്ങിനെ മാനേജര്‍ അപമാനിച്ചതായും പരാതിയില്‍ പറയുന്നു. ആശുപത്രികളിലും ഫൂട്ട് മസാജ് പാർലറുകളിവും പുരുഷന്‍മാര്‍ സ്ത്രീകള്‍ക്ക് സേവനം ചെയ്യുന്നില്ലേയെന്നതായിരുന്നു മാനേജറുടെ നിലപാട്.
ഒടുവില്‍ പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞതോടെ മാനേജര്‍ വനിതാ തെറപിസ്റ്റിനെ വിടാമെന്ന് സമ്മതിച്ചു. എന്നാല്‍ തനിക്കിനി സ്പാ ചെയ്യേണ്ടെന്നായിരുന്നു ഹുവാങ്ങിന്റെ മറുപടി. ഹുവാങ് പ്രത്യേകമായി ഒരു വനിതാ തെറാപ്പിസ്റ്റിനെ ആവശ്യപ്പെടാത്തതുകൊണ്ടാണ് പുരുഷ തെറാപ്പിസ്റ്റിനെ അയച്ചതെന്ന് മാനേജർ പറഞ്ഞു. പിന്നീട് അവർ ക്ഷമാപണം നടത്തുകയും, പല സ്പാകളിലും പുരുഷന്മാർ സ്ത്രീകൾക്കും സ്ത്രീകൾ പുരുഷന്മാർക്കും സേവനം നൽകാറുണ്ടെന്ന് പറയുകയും ചെയ്തു.