ഒമാനിലെ റുസ്താഖിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി ഉൾപ്പെടെ നാലുപേർ മരിച്ചു. തെക്കൻ ബാത്തിന ഗവർണറേറ്റിലെ റുസ്താഖിൽ നിന്ന് ഇബ്രിയിലേക്ക് പോകുന്ന വഴിയിൽ ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം നടന്നത്. മലപ്പുറം ചേളാരി സ്വദേശി അഫ്സലും (40) ഒമാനി കുടുംബത്തിലെ മൂന്ന് പേരുമാണ് മരിച്ചത്. അഫ്സൽ സഞ്ചരിച്ച വാഹനവും ഒമാനി കുടുംബം സഞ്ചരിച്ച കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അപകടത്തിൽ പരിക്കേറ്റ മറ്റ് മൂന്ന് പേരെ റുസ്താഖ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു . നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന അഫ്സലിന്റെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.