പ്രാര്‍ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളുണ്ടാകും, യുക്രെയിന്‍ പ്രസിഡന്റ് വ്ലോദിമിര്‍ സെലെന്‍സ്കിയ്ക്കുമുണ്ട് പ്രാര്‍ഥിക്കാന്‍ ഒരു കാരണം. വര്‍ഷങ്ങളായി തുടരുന്ന യുദ്ധം ഒന്നവസാനിക്കണമെങ്കില്‍ അതിന് നേതൃത്വം വഹിക്കുന്നവര്‍ തന്നെ മുന്‍കൈ എടുക്കണം. ചര്‍ച്ചകള്‍ പലത് നടക്കുന്നുണ്ടെങ്കിലും അന്തിമഫലത്തിലേക്ക് ഇനിയും എത്തിയിട്ടില്ല.
സെലെന്‍സ്കിയുടെ ക്രിസ്മസ് പ്രാര്‍ഥനയാണ്ഇപ്പോള്‍ സോഷ്യല്‍മീഡിയകളിലടക്കം വൈറലാകുന്നത്. ‘അയാള്‍ നശിച്ചു പോകട്ടെ’എന്നാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് ക്രിസ്മസ് ദിനത്തില്‍ സെലെന്‍സ്കി പറഞ്ഞത്. ‘സ്വര്‍ഗവാതില്‍ തുറക്കുന്ന ഈ രാത്രിയില്‍ യുക്രെയിന്‍ ജനതയ്ക്ക് ഒരേയൊരു പ്രാര്‍ഥനയേ ഉണ്ടാവുള്ളൂ, അയാള്‍ നശിച്ചു പോകട്ടേയെന്ന് ആഗ്രഹിക്കാത്ത ഒരാളും ഈ രാജ്യത്തുണ്ടാവില്ല, നമുക്ക് ദൈവത്തോട് സമാധാനം ആവശ്യപ്പെടാം, നമ്മള്‍ അതിനായി പോരാടുകയാണ്, സമാധാനത്തോടെ ജീവിക്കാന്‍ നമ്മള്‍ക്കെല്ലാം അര്‍ഹതയുണ്ട്. എല്ലാം കുടുംബവും സന്തോഷത്തോടെ ചിരിയോടെ സത്യസന്ധതയോടെ നന്‍മകളോടെ ജീവിക്കണം’– സെലെന്‍സ്കി പ്രത്യാശിച്ചു. പുട്ടിന്റെ പേരെടുത്ത് പറയാതെയായിരുന്നു സെലെന്‍സ്കിയുടെ പ്രാര്‍ഥന.
ക്രിസ്മസിനോടടുത്ത ദിവസങ്ങളില്‍ പോലും യുക്രെയിനെതിരെ റഷ്യ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ കൂടിയായിരുന്നു സെലെന്‍സ്കിയുടെ പ്രാര്‍ത്ഥന. ഡിസംബര്‍ 23നുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ മരിക്കുകയും 12പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ക്രിസ്മസ് ദിനത്തില്‍ പോലും റഷ്യ ഷെല്ലാക്രമണം തുടര്‍ന്നു, ബാലിസ്റ്റിക് മിസൈല്‍ ഉള്‍പ്പെടെ ഉപയോഗിച്ചു. ഈ ആക്രമണങ്ങളോടെ രാജ്യത്തെ വൈദ്യുതി വിതരണം പൂര്‍ണമായും തടസപ്പെട്ടിരുന്നു.