ഓസ്‌ട്രേലിയയിൽ ഭാര്യയെ കൊലപ്പെടുത്തി ഇന്ത്യൻ വംശജൻ. അഡലെയ്ഡിലെ നോർത്ത് ഫീൽഡ് സബർബിലെ താമസക്കാരനായ വിക്രാന്ത് താക്കൂരാണ് (42) ഭാര്യ സുപ്രിയ താക്കൂറിനെ (36) കൊലപ്പെടുത്തിയത്. വിക്രാന്തിനെ പൊലീസ് സംഭവസ്ഥലത്തു വച്ചു തന്നെ അറസ്റ്റ് ചെയ്തു.
രജിസ്റ്റേർഡ് നഴ്‌സ് ആകാൻ ആഗ്രഹിച്ച സുപ്രിയയുടെ വിയോഗം പ്രവാസി സമൂഹത്തെ ഒന്നടങ്കം ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്. ദമ്പതികൾക്ക് ഒരു മകനുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് സൗത്ത് ഓസ്‌ട്രേലിയ പൊലീസ് അറിയിച്ചു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: 'കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടരയോടെ നോർത്ത് ഫീൽഡിലെ വെസ്റ്റ് അവന്യൂവിലുള്ള ഇവരുടെ വസതിയിൽ ഗാർഹിക പീഡനം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. പൊലീസ് സ്ഥലത്തെത്തിയപ്പോൾ സുപ്രിയ വീടിനുള്ളിൽ അബോധാവസ്ഥയിൽ വീണുകിടക്കുകയായിരുന്നു. ഉദ്യോഗസ്ഥർ ഉടൻ തന്നെ സിപിആർ (CPR) നൽകി ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സംഭവസ്ഥലത്തുനിന്ന് തന്നെ വിക്രാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു'. തിങ്കളാഴ്ച അഡലെയ്ഡ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ വിക്രാന്ത് ജാമ്യത്തിനായി അപേക്ഷിച്ചില്ല.പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ഡിഎൻഎ പരിശോധനാ ഫലം, ടോക്‌സിക്കോളജി റിപ്പോർട്ട് തുടങ്ങിയ നിർണ്ണായക തെളിവുകൾ ശേഖരിക്കാനായി കേസ് 16 ആഴ്ചത്തേക്ക് കോടതി മാറ്റിവെച്ചു. ദമ്പതികളുടെ മൊബൈൽ ഫോണുകളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പ്രോസിക്യൂട്ടർമാർ കോടതിയെ അറിയിച്ചു. അടുത്ത വർഷം ഏപ്രിലിൽ കേസ് വീണ്ടും പരിഗണിക്കും.