AI Image
സിംഗപ്പൂരിൽ താമസിക്കാനുള്ള പെർമിറ്റ് നീട്ടിക്കിട്ടാൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥനുമുന്നിൽ ലൈംഗികചേഷ്ട കാണിച്ച ഇന്ത്യൻ യുവാവിനെ ഏഴുമാസം തടവിന് ശിക്ഷിച്ചു. ഇരുപത്തിരണ്ടുകാരനായ ഭരത് ആണ് ശിക്ഷിക്കപ്പെട്ടത്. ഭരതിനോട് സ്വയംഭോഗം ചെയ്ത് കാണിക്കാൻ ആവശ്യപ്പെട്ട ഇമിഗ്രേഷൻ ആൻഡ് ചെക്പോയിന്‍റ്സ് അതോറിറ്റി (ഐ.സി.എ) ഇൻസ്പെക്ടർ കണ്ണൻ മോറിസിന് സിംഗപ്പൂർ കോടതി നേരത്തേ 22 മാസം തടവുശിക്ഷ വിധിച്ചിരുന്നു. ഷോർട്ട് ടേം വിസിറ്റ് പാസ് നീട്ടി നൽകാൻ മറ്റ് ആറ് യുവാക്കളെക്കൊണ്ട് കണ്ണൻ ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യിച്ചതായി കണ്ടെത്തിയിരുന്നു.
2023 ജനുവരി 22നാണ് ഭരത് സിംഗപ്പൂരിൽ എത്തിയത്. അമേരിക്കൻ സെന്‍റര്‍ ഫോർ എജ്യൂക്കേഷനിൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ പഠിക്കാൻ എത്തിയ ഭരതിന് 2023 ഓഗസ്റ്റ് 8 വരെയാണ് സ്റ്റുഡൻറ് പാസ് അനുവദിച്ചിരുന്നത്. ഭരതിന്‍റെ സുഹൃത്ത് സോനുവിന്‍റെ പാസ് നീട്ടിവാങ്ങാൻ 2023 ഫെബ്രുവരി 10ന് ഐ.സി.എ ആസ്ഥാനത്തെത്തിയപ്പോഴാണ് ആദ്യമായി കണ്ണൻ മോറിസിനെ പരിചയപ്പെട്ടത്. ഫെബ്രുവരി 18ന് ഭരത് കണ്ണന്‍റെ വീട്ടിൽ എത്തി. ഇവിടെവച്ചാണ് ലൈംഗിക കാര്യങ്ങൾ സംസാരിച്ചതും സ്വയംഭോഗം ചെയ്യാൻ കണ്ണൻ ആവശ്യപ്പെട്ടതും. സോനുവിന് പാസ് നീട്ടി നൽകിയ ആളെക്കൊണ്ട് തനിക്ക് പിന്നീട് ഗുണം ഉണ്ടാകും എന്ന് കരുതിയാണ് അയാൾ പറഞ്ഞ കാര്യം ചെയ്തതെന്ന് ഭരത് കോടതിയിൽ പറഞ്ഞു.
പിന്നീട് കൂടുതൽ ലൈംഗികകൃത്യങ്ങൾക്ക് കണ്ണൻ പ്രേരിപ്പിച്ചെങ്കിലും താൻ സ്വവർഗാനുരാഗി അല്ലെന്നുപറഞ്ഞ് അവിടെനിന്ന് പോവുകയാണ് ചെയ്തതെന്നും ഭരത് മൊഴി നൽകി. പിന്നീട് 2023 സെപ്തംബർ എട്ടിന് ഭരതിന് സിംഗപ്പൂരിൽ വർക്ക് പെർമിറ്റ് ലഭിച്ചു. ഇതിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ സെപ്തംബർ 17ന് സിംഗപ്പൂർ പൊലീസ് ഭരതിനെ അറസ്റ് ചെയ്തു. കുറ്റകൃത്യം കണ്ടെത്തിയത് എങ്ങനെയെന്ന് കോടതി രേഖകളിൽ വ്യക്തമല്ല.
ഭരതിന് 10 മാസം തടവുശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. സിംഗപ്പൂരിലെ ഇമിഗ്രേഷൻ നിയന്ത്രണ സംവിധാനങ്ങളുടെ വിശ്വാസ്യത തകർക്കുന്ന നടപടിയാണെന്നാരോപിച്ചായിരുന്നു വാദം. എന്നാൽ കണ്ണന്‍റെ സമ്മർദത്തിന് വഴങ്ങിയാണ് തെറ്റ് ചെയ്തതെന്നും അതില്‍ പശ്ചാത്തപിക്കുന്നുവെന്നും ഭരത് കോടതിയെ ബോധിപ്പിച്ചതിന്‍റെ അടിസ്ഥാനത്തിൽ 7 മാസം തടവുശിക്ഷ വിധിക്കുകയായിരുന്നു. സെപ്തംബർ 17 മുതൽ ജയിലിൽ കഴിയുന്ന ഭരതിന് അത് കിഴിച്ചുള്ള സമയം തടവനുഭവിച്ചാൽ മതിയാകും.