പരസ്പരം പുകഴ്ത്തലുമായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും നിയുക്ത ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനിയും. ന്യൂയോര്‍ക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ടശേഷം വൈറ്റ്ഹൗസിലെത്തി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപും മംദാനിയും ഏവരെയും അമ്പരപ്പിച്ചത്.
മംദാനി മികച്ച മേയര്‍ ആയിരിക്കുമെന്ന് ട്രംപ് പറഞ്ഞു. യാഥാസ്ഥിതികരെ മംദാനി അദ്ഭുതപ്പെടുത്തുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ന്യൂയോര്‍ക്കിലെ താമസ പ്രതിസന്ധി പരിഹരിക്കുന്നതിന് യോജിച്ച നിലപാടുണ്ടാകുമെന്നും ഇരുവരും വ്യക്തമാക്കി.
മുൻപ് ‘നൂറു ശതമാനം കമ്യൂണിസ്റ്റ് ഭ്രാന്തൻ’ എന്നും ‘തികഞ്ഞ മനോരോഗി’ എന്നും ട്രംപ് വിശേഷിപ്പിച്ച മംദാനി, ട്രംപിന്റെ ഭരണകൂടത്തെ ഏകാധിപത്യപരമെന്ന് വിമർശിച്ചിരുന്നു. എന്നാൽ, കൂടിക്കാഴ്ച തന്നെ അദ്ഭുതപ്പെടുത്തിയെന്നും മംദാനിയെക്കുറിച്ച് മതിപ്പു തോന്നിയെന്നും ട്രംപ് തുറന്നു പറഞ്ഞു.
അമേരിക്കന്‍ ജനതയ്ക്കു വേണ്ടി ആരുമായും കൂടിക്കാഴ്ച്ച നടത്താന്‍ തയ്യാറാണെന്നായിരുന്നു മംദാനിയുമായുള്ള കൂടിക്കാഴ്ചയ്ക്കു മണിക്കൂറുകള്‍ക്കു മുന്‍പേ വൈറ്റ് ഹൗസ് പ്രസ്താവിച്ചത്. വൈറ്റ്ഹൗസിലേക്ക് ചര്‍ച്ചക്കായി ഒരു കമ്മ്യൂണിസ്റ്റ് മേയര്‍ വരുന്നുവെന്നായിരുന്നു വൈറ്റ് ഹൗസ ്പറഞ്ഞത്.
മംദാനിയുടെ അഭ്യർഥന അംഗീകരിച്ചാണ് ഇന്നലെ ഓവൽ ഓഫിസിൽ കൂടിക്കാഴ്ച നടത്തിയത്. മംദാനിയുടെ കടുത്ത വിമർശകനാണ് ട്രംപ്. നവംബർ നാലിലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മംദാനിയുടെ വിജയം ന്യൂയോർക് നഗരത്തിന് സമ്പൂർണമായ സാമ്പത്തിക, സാമൂഹിക ദുരന്തമായിരിക്കുമെന്നാണ് ട്രംപ് കുറ്റപ്പെടുത്തിയത്.
മേയറായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ട്രംപിന്റെ കുടിയേറ്റ വിരുദ്ധനയത്തെ ഉള്‍പ്പെടെ വിമര്‍ശിച്ച് മംദാനി രംഗത്തെത്തിയിരുന്നു. ന്യൂയോർക് മേയറായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ദക്ഷിണേഷ്യനും മുസ്‍ലിം വംശജനുമാണ് മംദാനി. കുടിയേറ്റക്കാര്‍ ശക്തരാകുമെന്നായിരുന്നു മംദാനി അന്ന് പ്രഖ്യാപിച്ചത്.