asim-shehabaz

TOPICS COVERED

 സൈനിക അട്ടിമറികളും സൈനിക ഏകാധിപതികളും പാക്കിസ്ഥാന് പുത്തരിയല്ല. എന്നാല്‍ സൈനിക മേധാവി അസിം മുനീര്‍ ഇപ്പോള്‍ നടത്തുന്ന അട്ടിമറി മുന്‍പെങ്ങും കണ്ടിട്ടില്ലാത്തതാണ്. 27ാമത് ഭരണഘടനാ ഭേദഗതിയിലൂടെ സര്‍വാധികാരവും തന്നിലേക്ക് ഒതുക്കുകയാണ് മുനീര്‍. നിലവില്‍ ആ രാജ്യത്ത് അവശേഷിക്കുന്ന ജനാധിപത്യപരമായ സുരക്ഷാ സംവിധാനങ്ങളെയെല്ലാം തകര്‍ത്തെറിഞ്ഞ് സൈനിക–സിവില്‍ സന്തുലിതാവസ്ഥയെ തകര്‍ക്കുകയാണ് സൈനികമേധാവിയുടെ ലക്ഷ്യം.

എന്തുചെയ്താലും ഒന്നും മിണ്ടാത്ത, പാവ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ ഇടതുവശം നിര്‍ത്തിയാണ് ഫീൽഡ് മാർഷൽ അസിം മുനീറിന്‍റെ ഭരണഘടനയില്‍ കയറിനിന്നുള്ള കയ്യാങ്കളി. പാക്കിസ്ഥാന്‍ കണ്ട എക്കാലത്തേയും ശക്തന്‍മാരായ ജനറല്‍മാര്‍ സിയാ-ഉൽ-ഹഖിനും പർവേസ് മുഷറഫിനും സാധിക്കാത്ത കാര്യമാണ് മുനീര്‍ നേടിയെടുക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ നീക്കത്തെ പാക്കിസ്ഥാനിലെ നാലാമത്തെ അട്ടിമറി എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഒച്ചപ്പാടില്ല, ബഹളമില്ല, പ്രതിഷേധങ്ങളില്ല, അർദ്ധരാത്രിയിലെ ഏറ്റെടുക്കലുകളോ തോക്കു ചൂണ്ടിയുള്ള ഭീഷണികളോ അല്ല, പാവഭരണകൂടത്തിന്‍റെ സഹായത്തോടെ അധികാരം സൈനിക മേധാവിയിലേക്ക് ഒതുക്കുന്നു.

ഇന്നലെ സെനറ്റ് പാസാക്കിയ 27-ാം ഭരണഘടനാ ഭേദഗതി, സൈനിക മേൽക്കോയ്മയെ നിയമവിധേയമാക്കുന്നതാണ്. സൈനിക കമാൻഡ് ശൃംഖല, ആണവാധികാരം, ജുഡീഷ്യറി എന്നിവയെല്ലാം ഫീൽഡ് മാർഷൽ അസിം മുനീറിന്‍റെ നിയന്ത്രണത്തിലാവുന്നു. പാകിസ്ഥാൻ രൂപീകൃതമായതിനുശേഷം മൂന്ന് സൈനിക അട്ടിമറികള്‍ നടന്നിട്ടുണ്ട്. ജനറൽമാരായ അയൂബ് ഖാൻ (1958), സിയാ-ഉൽ-ഹഖ് (1977), പർവേസ് മുഷറഫ് (1999) എന്നിവരായിരുന്നു അട്ടിമറിക്ക് ചുക്കാന്‍ പിടിച്ചത്. എന്നാൽ അസിം മുനീർ നടത്തുന്ന നാലാമത്തെ അട്ടിമറി ചരിത്രത്തെയെല്ലാം തോല്‍പ്പിക്കുന്നതാണ്. സൈനിക ജനറല്‍മാര്‍ക്ക് എല്ലാത്തരം നിയമനടപടികളില്‍ നിന്നുള്ള സുരക്ഷ കൂടിയാണ് ഈ അട്ടിമറി.

നിർദ്ദിഷ്ട ഭേദഗതികൾക്കെതിരെ പാകിസ്ഥാനിലെങ്ങും പ്രതിഷേധങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഭരണകൂടം ഒപ്പം നില്‍ക്കുന്നതിനാല്‍ ആരും ഒന്നും കേട്ടമട്ടില്ല. പോയകാല അട്ടിമറികളെല്ലാം അഴിമതിക്കെതിരായ പോരാട്ടമോ രാഷ്ട്രീയ സ്ഥിരതയ്ക്കുള്ള പാതയോ ഒക്കെയായി കരുതിപ്പോന്നെങ്കിലും അവയെല്ലാം ഒടുവിൽ റദ്ദാക്കപ്പെടുകയും സിവിലിയൻ ഭരണം തിരിച്ചെത്തുകയും ചെയ്യുന്ന സാഹചര്യമാണ് സൃഷ്ടിച്ചത്. എന്നാൽ, മുനീറിന്‍റെ ഈ തന്ത്രം സൂക്ഷ്മവും അപകടമേറിയതുമാണ്. ഭരണഘടനയുടെ 243-ാം അനുച്ഛേദം ഭേദഗതി ചെയ്യുന്ന ഈ ബിൽ, സൈന്യത്തിന്റെ യഥാർത്ഥ മേൽക്കോയ്മയെ ഔദ്യോഗികമാക്കുകയാണ്.

പ്രസിഡന്‍റില്‍ നിന്നും കാബിനറ്റിൽ നിന്നുമുള്ള നിയന്ത്രണം ഒരു പുതിയ ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സസിലേക്ക് മാറ്റുന്നു. ഈ മാസം 28ന് വിരമിക്കാന്‍ ഒരുങ്ങുകയായിരുന്ന മുനീറിനു വേണ്ടി മുനീര്‍ നടത്തുന്ന ഭരണഘടനാ രൂപകല്‍പനയെന്നാണ് മുൻ പ്രതിരോധ സെക്രട്ടറി ലഫ്റ്റനന്‍റ് ജനറൽ ആസിഫ് യാസിൻ മാലിക് പറഞ്ഞത്. മുനീറിന്‍റെ ഈ അധികാരക്കൈയേറ്റം ഡൽഹിക്കും ഏറെ പ്രാധാന്യമുള്ളതാണ്. ഇന്ത്യയിൽ സിവിലിയൻ നേതൃത്വത്തിനു കീഴിലുള്ളതാണ് പ്രതിരോധ സേനയുടെ പ്രവർത്തന നിയന്ത്രണം. ഇത് ഇന്ത്യയുമായി അപകടകരമായ അസമത്വമാണ് സൃഷ്ടിക്കുന്നത്. പാക്കിസ്ഥാന്‍റെ നീതിന്യായ വ്യവസ്ഥയേയും സുപ്രീംകോടതിയും ഹൈക്കോടതിയേയും ഉള്‍പ്പെടെ മുനീറിന്‍റെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരികയാണ്. ഭരണഘടനാ ബെഞ്ചുകളുടെ കേസ് ചുമതലകൾ ചീഫ് ജസ്റ്റിസുമാരിൽ നിന്ന് പാകിസ്ഥാന്റെ ജുഡീഷ്യൽ കമ്മീഷനിലേക്ക് മാറ്റുന്നതാണ് ഈ ഭേദഗതി. അവിടെ ജഡ്ജിമാർക്ക് ന്യൂനപക്ഷ സ്ഥാനമാണുള്ളത്. സായുധ സേനയും ആണവ കമാൻഡും മുതൽ നീതിന്യായ വ്യവസ്ഥ വരെ സൈന്യത്തിന്റെ നിയന്ത്രണത്തിലാകുന്നുവെന്നതാണ് ഈ ഭേദഗതിയുടെ ഉള്ളടക്കം.

ENGLISH SUMMARY:

Pakistan military coup redefines power dynamics. The 27th Constitutional Amendment consolidates military control, undermining democratic institutions and raising concerns about civil-military balance.