TOPICS COVERED

പ്രശസ്ത അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ജെയിംസ് വാട്സണ്‍ അന്തരിച്ചു. 97 വയസായിരുന്നു. 1962ല്‍ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ നേടി. ഡിഎന്‍എയുടെ ഘടന കണ്ടെത്തിയതില്‍ പ്രധാനിയാണ് വാട്സണ്‍. 20-ആം നൂറ്റാണ്ടിലെ ഏറ്റവും വലിയ ശാസ്ത്ര പുരോഗതികളിലൊന്നായ ഡിഎൻഎയുടെ ഇരട്ട ഹെലിക്സ് ഘടനയാണ് ബ്രിട്ടീഷ് ശാസ്്ത്രജ്ഞന്‍ ഫ്രാന്‍സിസ് ക്രിക്കിനൊപ്പം വാട്സണ്‍ കണ്ടെത്തിയത്. 

പല സാഹചര്യങ്ങളിലും ജെയിംസ് വാട്സണ്‍ന്റെ നിലപാടുകളും പരാമര്‍ശങ്ങളും വലിയ വിവാദത്തിനും വഴിവച്ചിരുന്നു.  വംശീയതയെക്കുറിച്ചും കറുത്ത വര്‍ഗക്കാരുടേയും വെളുത്ത വര്‍ഗക്കാരുടേയും ബുദ്ധിശേഷിയെക്കുറിച്ചുമെല്ലാം വാട്സണ്‍ നടത്തിയ പരാമര്‍ശങ്ങള്‍ കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഈ പരാമർശങ്ങൾക്കുശേഷം ന്യൂയോർക്കിലെ കോൾഡ് സ്പ്രിംഗ് ഹാർബർ ലബോറട്ടറിയിലെ ചാൻസലർ സ്ഥാനത്ത് നിന്നും അദ്ദേഹം നീക്കം ചെയ്യപ്പെടുന്ന സാഹചര്യവും ഉണ്ടായിരുന്നു. 

1928 ഏപ്രിലിൽ ഷിക്കാഗോയിലാണ് വാട്ട്സൺ ജനിച്ചത്. 15-ആം വയസ്സിൽ അദ്ദേഹം ചിക്കാഗോ സർവകലാശാലയിൽ സ്‌കോളർഷിപ്പ് നേടി. ഡിഎൻഎ ഘടനയെ കുറിച്ചുള്ള ഗവേഷണം മുന്നോട്ടുകൊണ്ടുപോകാൻ അദ്ദേഹം കേംബ്രിജിലെത്തി.  അവിടെ ക്രിക്കിനെ കണ്ടുമുട്ടുകയും, ഇരുവരും ചേർന്ന് ഡിഎൻഎയുടെ വലിയ മാതൃകകൾ നിർമ്മിക്കാൻ തുടങ്ങുകയും ചെയ്തു. ശാസ്ത്രീയ നേട്ടത്തിനുശേഷം ഭാര്യ എലിസബത്തിനൊപ്പം അദ്ദേഹം ഹാർവാർഡിലേക്ക് മാറി ജീവശാസ്ത്ര പ്രൊഫസറായി. രണ്ടു മക്കളാണ് ദമ്പതികള്‍ക്ക്. 1968-ൽ അദ്ദേഹം ന്യൂയോർക്കിലെ കോൾഡ് സ്പ്രിംഗ് ഹാർബർ ലബോറട്ടറിയുടെ നേതൃത്വമേറ്റെടുത്തു. വാട്സണ്‍ന്റെ നേതൃത്വത്തിൽ ലോകത്തെ പ്രമുഖ ശാസ്ത്രീയ ഗവേഷണ സ്ഥാപനങ്ങളിലൊന്നായി ഇതുമാറി. 

ENGLISH SUMMARY:

James Watson, the Nobel Prize-winning scientist known for his co-discovery of the DNA structure, has passed away at 97. His work revolutionized biology, though his controversial views sparked widespread criticism.