2026-നെ 'കുടുംബ വർഷമായി' ആചരിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. എമിറാത്തി കുടുംബങ്ങളുടെ വളർച്ച ലക്ഷ്യമാക്കിയുള്ള ദേശീയ അജണ്ടയുടെ ഭാഗമായാണ് പ്രഖ്യാപനം. യുഎഇയിലെ പൗരന്മാരിലും താമസക്കാരിലും സമൂഹ്യബോധം ഊട്ടിയുറപ്പിക്കുകയാണ് ലക്ഷ്യം.
അബുദാബിയിൽ നടന്ന ഗവൺമെന്റിന്റെ വാർഷിക സമ്മേളനത്തിൽ 'ദേശീയ കുടുംബ വളർച്ചാ അജന്‍ഡ 2031' യോഗത്തിലാണ് പ്രഖ്യാപനം. കുടുംബമാണ് ഒരു സമൃദ്ധമായ സമൂഹത്തിന്റെ അടിസ്ഥാന തൂണുകളെന്ന് ഷെയ്ഖ് മുഹമ്മദ് ഊന്നിപ്പറഞ്ഞു. "കുടുംബമാണ് ഏതൊരു ശക്തമായ സമൂഹത്തിന്റെയും അടിത്തറ" എന്ന സ്ഥാപക പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ വാക്കുകളും അദ്ദേഹം ഓർത്തെടുത്തു. കുടുംബത്തിന്റെ സ്ഥിരതയും ശക്തിയുമാണ് രാജ്യത്തിന്റെ അഭിവൃദ്ധിയുടെ അടിസ്ഥാന ശില. കുടുംബ വളർച്ചയുമായി ബന്ധപ്പെട്ട ഇരുപതിലേറെ സർക്കാർ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി ഒരു ദേശീയ കർമ്മസമിതിക്ക് രൂപം നൽകി. നയങ്ങൾ, പെരുമാറ്റ ഇടപെടലുകൾ, പ്രത്യുത്പാദന ആരോഗ്യം എന്നിങ്ങനെ മൂന്ന് മേഖലകളിലാണ് സമിതി പ്രവർത്തിക്കുക. കുടുംബങ്ങളുടെ വളർച്ച പ്രോത്സാഹിപ്പിക്കാനായി ഒരു 'കുടുംബ മന്ത്രാലയം'സ്ഥാപിച്ചതായും പ്രസിഡന്റ് അറിയിച്ചു. ഫെഡറല്‍, പ്രാദേശിക അതോറിറ്റികളിലെ നേതാക്കളും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു