ഇന്ത്യയെ വീണ്ടും അസ്വസ്ഥമാക്കുന്ന നടപടിയുമായി ബംഗ്ലാദേശ് ഇടക്കാല നേതാവ് മുഹമ്മദ് യൂനുസ്. അസമും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ബംഗ്ലാദേശിന്‍റെ ഭാഗമായി ചിത്രീകരിക്കുന്ന ഒരു വിവാദ ഭൂപടമാണ് യൂനുസ് പാക്കിസ്ഥാന്‍ ജനറലിന് സമ്മാനിച്ചത്. പാക്കിസ്ഥാൻ ജോയിന്‍റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർപേഴ്സൺ ജനറൽ സാഹിൽ ഷംഷാദ് മിർസ കഴിഞ്ഞ ഞായറാഴ്ച ധാക്ക സന്ദർശിച്ചപ്പോഴാണ് യൂനുസുമായി കൂടിക്കാഴ്ച നടത്തിയത്.
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം വീണ്ടും ഊഷ്മളമാകുന്നതിനിടയിലാണ് പുതിയ വിവാദം. ജനറലുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ യൂനുസ് എക്സില്‍ പങ്കുവച്ചു. ‘ആർട്ട് ഓഫ് ട്രയംഫ്’ എന്ന പേരിൽ യൂനുസ് മിർസയ്ക്ക് സമ്മാനിച്ച പുസ്തകത്തിന്‍റെ കവറിലാണ് ബംഗ്ലാദേശിന്റെ ഭൂപടം ഉണ്ടായിരുന്നത്. ഇന്ത്യന്‍ സംസ്ഥാനങ്ങളെ കൂടെച്ചേര്‍ത്തുള്ള ഭൂപടത്തിന്‍റെ പേരില്‍ വലിയ രോഷമാണ് ഉയരുന്നത്. അതേസമയം ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇതുവരെ ഈ വിഷയത്തോട് പ്രതികരിച്ചിട്ടില്ല.
വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് അവാമി ലീഗ് ഭരണകൂടം തകര്‍ന്നതിനു പിന്നാലെ ഭരണത്തില്‍ വന്ന യൂനുസ് ഇന്ത്യയുമായി നല്ല ബന്ധമല്ല ഇതുവരെ സൂക്ഷിച്ചിരുന്നത്. സമീപകാലത്താണ് ചെറിയതോതിലെങ്കിലും ഇരുരാജ്യങ്ങളും തമ്മില്‍ മഞ്ഞുരുകി തുടങ്ങിയത്. യൂനുസ് ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയെക്കുറിച്ച് പരാമർശിക്കുന്നത് ഇത് ആദ്യമായല്ല. ചൈനാസന്ദര്‍ശന വേളയിലും വടക്കുകിഴക്കൻ മേഖലയുടെ കാവല്‍ക്കാര്‍ ബംഗ്ലാദേശ് ആണെന്ന് പ്രഖ്യാപിച്ചിരുന്നു. ആ മേഖലയില്‍ സ്വാധീനം ശക്തിപ്പെടുത്താന്‍ ചൈനയെ ക്ഷണിക്കുന്നതായിരുന്നു യൂനിസിന്‍റെ വാക്കുകള്‍.
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ വെട്ടിപ്പിടിക്കാന്‍ ചൈനയെ കൂട്ടുപിടിക്കുക എന്നതാണ് യൂനിസിന്‍റെ ലക്ഷ്യം. നേരത്തേ യൂനിസിന്‍റെ അടുത്ത സഹായിയായ നഹിദുൽ ഇസ്ലാം, പശ്ചിമ ബംഗാൾ, ത്രിപുര, അസം എന്നിവിടങ്ങളിലെ ചില ഭാഗങ്ങൾ ബംഗ്ലാദേശിന്‍റെ ഭാഗമായി കാണിക്കുന്ന ഒരു ഭൂപടം പങ്കുവെച്ചുകൊണ്ട് ‘ബൃഹദ് ബംഗ്ലാദേശ്’ എന്ന ആശയം മുന്നോട്ട് വെച്ചതും വ്യാപകമായ വിമർശനത്തിന് സാഹചര്യമൊരുക്കിയിരുന്നു. സമാനമായ സംഭവമാണ് വീണ്ടും ഉയര്‍ന്നുവന്നിരിക്കുന്നത്.