ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയ്ക്കുള്ള ഇറക്കുമതി തീരുവ അമ്പതില്‍ നിന്ന് 15 ശതമാനമായി കുറച്ചേക്കും. മോദിയുമായി വ്യാപാര വിഷയങ്ങള്‍ സംസാരിച്ചെന്ന് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. ട്രംപിന്‍റെ ദീപാവലി ആശംസയ്ക്ക് നന്ദി അറിയിച്ച മോദി ഇരു രാജ്യങ്ങള്‍ക്കും ഐക്യത്തോടെ നീങ്ങാമെന്ന സന്ദേശം നല്‍കി. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതില്‍ ഇന്ത്യയുടെ നിലപാടാണ് ഇനി നിര്‍ണായകം.
വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷത്തിനിടെ ഇന്ത്യയും യുഎസും തമ്മിലുള്ള നല്ല ബന്ധത്തെക്കുറിച്ച് വാചാലനാകവെയാണ് ഡോണാൾഡ് ട്രംപ് വ്യാപാര ചര്‍ച്ചകളിലെ പുരോഗതി പരോക്ഷമായി സൂചിപ്പിച്ചത്. പ്രധാനമന്ത്രിയുമായി വ്യാപാരത്തെക്കുറിച്ച് സംസാരിച്ചെന്നും അദ്ദേഹത്തിന് അക്കാര്യത്തില്‍ വളരെ താൽപ്പര്യമുണ്ടെന്നും ട്രംപ്.
മോദിയെ ഒരു മികച്ച വ്യക്തിയെന്ന് വിശേഷിപ്പിച്ച ട്രംപ്, അദ്ദേഹം വർഷങ്ങളായി അടുത്ത സുഹൃത്താണെന്നും പറഞ്ഞു. റഷ്യയിൽനിന്ന് ഇന്ത്യ അധികം എണ്ണ വാങ്ങില്ല എന്ന അവകാശവാദവും ആവർത്തിച്ചു. ട്രംപിന്‍റെ ഫോണ്‍ സംഭാഷണത്തിനും ദീപാവലി ആശംസകൾക്കും നന്ദിപറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാത്തരം ഭീകരതയ്‌ക്കെതിരെയും ഐക്യത്തോടെ നിൽക്കാമെന്നും എക്സില്‍ കുറിച്ചു.
ഇതിനിടെയാണ് വ്യാപാര കരാര്‍ അന്തിമ ഘട്ടത്തിലെന്ന് ഇംഗ്ലീഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. അന്തിമ പ്രഖ്യാപനം ഈ മാസം നടക്കുന്ന ആസിയാൻ ഉച്ചകോടിയിൽ ഉണ്ടാകുമെന്നാണ് സൂചന.
ഏറെ നാളായി അനിശ്ചിതത്വത്തിലായിരുന്ന കരാര്‍ പ്രാബല്യത്തിലായാല്‍ യു.എസ്. ഇന്ത്യയ്ക്കുമേല്‍ ചുമത്തുന്ന 50 ശതമാനം ഇറക്കുമതി തീരുവ 15 മുതല്‍ 16 ശതമാനമായി കുറച്ചേക്കും. രാജ്യത്തെ വ്യാപാര കാര്‍ഷിക മേഖലകള്‍ക്കടക്കം കരാര്‍ ഗുണം ചെയ്യും. പകരം റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ ഘട്ടംഘട്ടമായി കുറയ്ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വാർത്തയോട് ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രാലയമോ വൈറ്റ് ഹൗസോ പ്രതികരിച്ചിട്ടില്ല. മോദിയേക്കാള്‍ മുന്‍പ് ട്രംപ് തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നുവെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.