ഇന്ത്യ അതിര്‍ത്തിയില്‍ എന്തു വൃത്തികെട്ട കളിയും കളിക്കുമെന്ന വിവാദ പരാമാര്‍ശവുമായി പാക്കിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. പാക്കിസ്ഥാന് പല തന്ത്രങ്ങളുമുണ്ട്, അതെല്ലാം രഹസ്യമാണ്, ഇന്ത്യയോടും താലിബാനോടും യുദ്ധത്തിനു തയ്യാറെന്നും ഖ്വാജ ആസിഫ് പറയുന്നു.
ഇന്ത്യയുടെ വൃത്തികെട്ട കളികള്‍ നേരിടാന്‍ ഇസ്ലമാബാദ് ഇതിനോടകം തന്നെ പല തന്ത്രങ്ങളും തയ്യാറാക്കിയിട്ടുണ്ടെന്നും ഒരു അഭിമുഖത്തിനിടെ പാക് പ്രതിരോധമന്ത്രി പറഞ്ഞു. ഇന്ത്യയും താലിബാനും അടുക്കുന്ന പശ്ചാത്തലത്തില്‍ കൂടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാക്കിസ്ഥാന്‍ അതിര്‍ത്തികളില്‍ അതീവജാഗ്രത പുലര്‍ത്തുകയാണെന്നും രാജ്യത്തിനുള്ളില്‍ കഴിയുന്ന അഫ്ഗാന്‍ അഭയാര്‍ഥികള്‍ ഭീകരവാദമല്ലാതെ പാക്കിസ്ഥാന് ഒന്നും നല്‍കിയിട്ടില്ലെന്നും ഖ്വാജ ആസിഫ് പറയുന്നു. അഫ്ഗാനികള്‍ക്കെതിരെ നടപടി ആരംഭിച്ചെന്നും എല്ലാ അഫ്ഗാന്‍ അഭയാര്‍ഥികളും പാക്കിസ്ഥാനില്‍ നിന്നും തിരികെ പോകണമെന്നും ഖ്വാജ .
നേരത്തേ താലിബാന്‍ ഇന്ത്യയ്ക്കു വേണ്ടി പ്രോക്സി യുദ്ധം ചെയ്യുകയാണെന്നുപറഞ്ഞ് ഖ്വാജ ആസിഫ് വിവാദത്തിലകപ്പെട്ടിരുന്നു. താലിബാന്റെ തീരുമാനങ്ങൾ ഡൽഹി സ്പോൺസർ ചെയ്യുന്നതാണെന്നും ഖ്വാജ ആസിഫ് അഭിപ്രായപ്പെട്ടിരുന്നു. സുഹൃത്തുക്കളേയും ശത്രുക്കളേയും തിരിച്ചറിയാന്‍ പഠിക്കണമെന്നതാണ് തന്റെ അഭിപ്രായമെന്നും ഖ്വാജ ആസിഫ് പറയുന്നു.
കഴിഞ്ഞയാഴ്ച്ച രൂക്ഷമായ ഏറ്റുമുട്ടലുകൾക്കും അതിർത്തി കടന്നുള്ള വ്യോമാക്രമണങ്ങൾക്കുമാണ് പാക്കിസ്ഥാന്‍ താലിബാന്‍ അതിര്‍ത്തി സാക്ഷിയായത്. ഇരുവശത്തും നിരവധി പേർ മരിച്ചതിനെ തുടർന്ന്, പാകിസ്ഥാനും താലിബാനും പിന്നീട് താൽക്കാലിക വെടിനിർത്തലിന് സമ്മതിച്ചു.
പിടിച്ചെടുത്ത പാകിസ്ഥാൻ T-55 ടാങ്കിൽ താലിബാൻ പോരാളികൾ സഞ്ചരിക്കുന്നതും, ഏറ്റുമുട്ടലിൽ ഔട്ട്‌പോസ്റ്റുകളിൽ നിന്ന് ഓടിപ്പോയെന്ന് പറയപ്പെടുന്ന പാകിസ്ഥാൻ സൈനികരുടെ പാന്റ്‌സും ആയുധങ്ങളും പ്രദർശിപ്പിക്കുന്നതും ഇസ്ലാമാബാദിന് നാണക്കേടുണ്ടാക്കിയ സംഭവങ്ങളായിരുന്നു.