saudi

TOPICS COVERED

സൗദിയിലെ വിനോദ സഞ്ചാര മേഖലയില്‍ കൂടുതല്‍ സ്വദേശിവത്ക്കരണം നടപ്പിലാക്കുമെന്നു ടൂറിസം മന്ത്രാലയം. ഇതുസംബന്ധിച്ച പുതിയ നയങ്ങള്‍ക്കും ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖതീബ് അംഗീകാരം നല്‍കി. ഇതോടെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിരവധി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും എന്നാണ് വിലയിരുത്തപ്പെടുന്നത്.

ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ കണക്കു പ്രകാരം 9.66 ലക്ഷം തൊഴിലാളികളാണ് സൗദി വിനോദ സഞ്ചാര മേഖലയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ 7.24 ലക്ഷം വിദേശികളാണ്. ഹജ്, ഉംറ എന്നിവയ്ക്കു പുറമെ ടൂറിസം മേഖലയില്‍ ഒരു ലക്ഷത്തിലധികം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ട്. നിലവില്‍ 24.8 ശതമാനമാണ് സ്വദേശികളുടെ സാന്നിധ്യം. അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തോടെ ടൂറിസം മേഖലയില്‍ 41 ശതമാനം സ്വദേശികളെ നിയമിക്കുകയാണ് ലക്ഷ്യം.

പുതിയ നയം അനുസരിച്ച് റിസപ്ഷനിസ്റ്റ് തസ്തികയില്‍ സ്വദേശികളെ നിയമിക്കണം. ജീവനക്കാരുടെ വിവരങ്ങള്‍ മനുഷ്യ വിഭവശേഷി മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യണം. താല്‍ക്കാലിക ജീവനക്കാര്‍, കരാര്‍ തൊഴിലാളികള്‍ എന്നിവര്‍ക്ക് പാര്‍ട്ട്‌ടൈം ജോലിയ്ക്കു അനുമതി നല്‍കുന്ന 'അജീര്‍' പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.സ്വകാര്യ ടൂറിസം മേഖലയില്‍ സ്വദേശികൾക്ക് സർക്കാർ  നല്‍കുന്ന ശമ്പളവിഹിതം 30ല്‍ നിന്ന് 50 ശതമാനമായി ഈ വര്‍ഷം ഉയര്‍ത്തിയിരുന്നു. സൗദി പൗരന്മാരെ ടൂറിസം മേഖലയിലേയ്ക്കു ആകര്‍ഷിക്കുന്നതിനും വിദേശികളെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടുവരുന്നതിനുമാണ് പുതിയ നയം നടപ്പിലാക്കുന്നത്.

ENGLISH SUMMARY:

The Saudi Ministry of Tourism announced plans to implement stricter Saudization (localization) policies in the tourism sector, a move approved by Tourism Minister Ahmed Al Khateeb. This is expected to result in job losses for many foreigners, including Indians.