ജപ്പാനില്‍ പകര്‍ച്ചപ്പനിക്കാലം. വൈറസ് അതിവേഗം പടരുന്നതിനാല്‍ സര്‍ക്കാര്‍ കടുത്ത ജാഗ്രതയിലാണ്. സെപ്റ്റംബര്‍ 22ന് റിപ്പോര്‍ട്ട് ചെയ്ത പകര്‍ച്ചപ്പനി ഇതിനോടകം 4030 കേസുകളായി വര്‍ധിച്ചു. ഒക്കിനാവ, ടോക്കിയോ, കഗോഷിമ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നൂറിലധികം സ്കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളും ശിശുസംരക്ഷണകേന്ദ്രങ്ങളും അടച്ചിടാന്‍ ജപ്പാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സാധാരണയായി ജപ്പാനില്‍ പനിക്കാലം വരുന്നതിനും അഞ്ച് ആഴ്ച്ച മുന്‍പേയാണ് ഇപ്പോള്‍ പനിബാധ വ്യാപകമാകുന്നത്.
ക്രമരഹിതമായ കാലാവസ്ഥാ വ്യതിയാനങ്ങളും രോഗസ്വഭാവത്തിലെ മാറ്റങ്ങളും കുറഞ്ഞ വാക്സിനേഷൻ നിരക്കുകളും ഈ രോഗവര്‍ധനവിനും വ്യാപനത്തിനും കാരണമാകുന്നതായി ആരോഗ്യവിദഗ്ധര്‍ വിലയിരുത്തുന്നു. ജപ്പാനിലെ ആരോഗ്യവിദഗ്ധര്‍ പൊതുജനങ്ങളോട് വാക്സീന്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫ്ലൂ വാക്സിനുകൾ അണുബാധ തടയാനും രോഗത്തിന്റെ തീവ്രത കുറയ്ക്കാനും സഹായിക്കും.
മാസ്ക് ധരിക്കുക, കൈ കഴുകുക, അണുവിമുക്തമാക്കല്‍ തുടങ്ങിയുള്ള സുരക്ഷാമാര്‍ഗങ്ങള്‍ ഉറപ്പുവരുത്താനും അധികൃതര്‍ ആവശ്യപ്പെടുന്നു. ഇന്ത്യ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും തണുപ്പുകാലം സമീപത്തെത്തിനില്‍ക്കേ പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റങ്ങള്‍ രോഗവ്യാപനത്തിന്റെ സാധ്യത കൂട്ടുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. തികഞ്ഞ ജാഗ്രത പുലര്‍ത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.