amir-khan-muttaqi-pressmeet

TOPICS COVERED

അഫ്ഗാനിസ്ഥാന്‍ വിദേശകാര്യമന്ത്രിയുടെ ഡല്‍ഹിയിലെ  വാർത്താസമ്മേളനത്തില്‍ നിന്ന് വനിത മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കിയതില്‍ രാജ്യമാകെ വിമര്‍ശനമുയരുമ്പോഴും പ്രതികരണങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുകയാണ് താലിബാന്‍ ഭരണകൂടം.  പൊതുധാരയില്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഒരിടവുമില്ലാതെയാണ് അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം.  രാജ്യാന്തര സമ്മര്‍ദങ്ങളെ താലിബാന്‍ അവഗണക്കുകയാണ്.

ബെഹസ്ത അർഗന്ദ്. അഫ്ഗാനിസ്ഥാനിലെ ടോളോ ന്യൂസ് ചാനലില്‍ അവതാരകയായിരുന്ന ബെഹസ്ത അർഗന്ദിന്  താലിബാന് വീണ്ടും അധികാരത്തിലെത്തിയ 2021 ഓഗസ്റ്റ് അവസാനം നാടുവിടേണ്ടിവന്നു.  ബെഹസ്ത അർഗന്ദിനൊപ്പം അഫ്ഗാനിസ്ഥാനില്‍ വനിതകളുടെ മാധ്യമപ്രവര്‍ത്തനത്തിനും ഏതാണ്ട് തിരശീലവീണു.  വീണ്ടും അധികാരത്തിലേക്ക് വന്ന താലിബാന്‍റെ ആദ്യനടപടികളിലൊന്ന് വനിതകളെ പൊതുധാരയില്‍ നിന്നും നിഷ്കാസനം ചെയ്യുകയായിരുന്നു. 

12 വയസിനുമേല്‍  വിദ്യാഭ്യാസത്തിന്  വിലക്കേര്‍പെടുത്തി. പൊതുസ്ഥലങ്ങളില്‍ മുഖാവരണം നിര്‍ബന്ധം.  സര്‍ക്കാര്‍ ജോലികളില്‍ നിയമനമില്ല. കായികമല്‍സരങ്ങള്‍ക്ക് വിലക്ക്. സ്ത്രീകള്‍ക്ക്  ചികില്‍സ ഉള്‍പ്പെടെ പൊതുസേവനങ്ങള്‍ തേടണമെങ്കിലോ കടയില്‍ പോയി സാധനങ്ങള്‍ വാങ്ങാനോ ബന്ധുവായ പുരുഷന്‍  ഒപ്പം വേണം.  പാര്‍ക്കുകളിലും ജിംനേഷ്യങ്ങളിലും സ്ത്രീകളെ വിലക്കി 'ദുരാചാര സദാചാര' മന്ത്രാലയം ഉത്തരവുമിറക്കി. സ്ത്രീകളുടെ അവകാശനിഷേധങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ പ്രതിഷേധം ശക്തമായിരിക്കെ കഴിഞ്ഞ ലോക വനിതാദിനത്തില്‍ താലിബാന്‍ വക്താവ് നിലപാട് വ്യക്തമാക്കി. 

ശരീ അത്ത് നിയമവും അഫ്ഗാന്റെ പാരമ്പര്യവും അടിസ്ഥാനമാക്കിയാകും സ്ത്രീകളെ പരിഗണിക്കുക. അഫ്ഗാന്‍ ഭരണത്തില്‍ സ്ത്രീകള്‍ സുരക്ഷിതരാണെന്നും സബിഹുല്ല മുജാഹിദ് അവകാശപ്പെട്ടു.   പരിമിതമെങ്കിലും ഇന്റര്‍നെന്റ്  അഫ്ഗാന്‍ വനിതയ്ക്ക് പുറംലോകത്തേക്കുള്ള ജാലകങ്ങളായിരുന്നു.  എന്നാല്‍ അതിനും നിയന്ത്രണമേര്‍പ്പെടുത്താന്‍ താലിബന്‍ ഭരണകൂടം നീക്കം തുടങ്ങി. കഴിഞ്ഞമാസം രണ്ടുദിവസം ഇന്റര്‍നെറ്റ് ഷട്ട് ‍ഡൗണ്‍ ചെയ്തത് ദിശയിലേക്കുള്ള നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

സ്ത്രീകള്‍ക്കെതിരായ അടിച്ചമര്‍ത്തലുകളില്‍ അഫ്ഗാനിലെ യു.എന്‍ മിഷന്റെ ഇടപെടലില്‍ കഴിഞ്ഞ ജൂലൈയില്‍  താലിബാൻ  ഭരണകൂടത്തിന്റെ ഭാഗമായ ചീഫ് ജസ്റ്റിസ് അബ്ദുൽ ഹക്കീം ഹഖാനി, പരമോന്നത ആത്മീയനേതാവ് ഹിബത്തുല്ല അഖുൻസാദ എന്നിവർക്കെതിരെ രാജ്യാന്തര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഇരുവരും മാനവരാശിക്കെതിരായ കുറ്റകൃത്യം ചെയ്തതായി തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി. രാജ്യാന്തരബന്ധങ്ങള്‍ ശക്തമാക്കാന്‍ താലിബാന്‍ ശ്രമം ശക്തമാക്കുമ്പോഴും രാജ്യാന്തരകോടതിയുടെ വാറന്റിന് താലിബാന്‍ പുല്ലുവില കല്‍പിച്ചിട്ടില്ല.

ENGLISH SUMMARY:

The Taliban ignores global criticism after excluding women journalists in Delhi. Details the extensive ban on women's education, work, and movement, and the ICC's arrest warrants against Taliban leaders.