Image: X
ജയില്‍വാസം ഒഴിവാക്കാനായി റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന ഇന്ത്യന്‍ പൗരന്‍ ഒടുവില്‍ യുക്രയിന്‍ സൈന്യത്തിനു മുന്‍പില്‍ കീഴടങ്ങി. 22കാരനായ മജോതി സാഹിൽ മുഹമ്മദ് ഹുസൈനാണ് യുക്രയിന്‍ സൈന്യത്തിനു മുന്‍പില്‍ കീഴടങ്ങിയത്. ഹുസൈന്‍ യുദ്ധത്തിനെത്തി മൂന്നാംദിവസം മെക്കനൈസ്ഡ് ബ്രിഗേഡിന് മുന്നിൽ കീഴടങ്ങിയെന്ന് യുക്രയിന്‍ സൈനിക ഉദ്യോഗസ്ഥർ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗുജറാത്തിലെ മോർബി സ്വദേശിയാണ് ഹുസൈന്‍. ഹുസൈന്‍ ആദ്യം പഠനത്തിനായി റഷ്യയിലെത്തിയെന്നും മയക്കുമരുന്നു കേസില്‍പ്പെട്ട് ഏഴു വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടിരുന്നുവെന്നും യുക്രയിന്‍ സൈന്യം ഇതുമായി ബന്ധപ്പെട്ട് പുറത്തുവിട്ട ടെലഗ്രാം പോസ്റ്റില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ജയിലില്‍ പോകാതിരിക്കാന്‍ യുദ്ധത്തിനു തയ്യാറാവുകയായിരുന്നുവെന്നും സൈനികര്‍ പറയുന്നു.
അതേസമയം യുക്രയിന്‍ മെക്കനൈസ്ഡ് ബ്രിഗേഡ് പുറത്തുവിട്ട വിഡിയോയില്‍ ഹുസൈന്‍ റഷ്യന്‍ ഭാഷ സംസാരിക്കുന്നതും ജയിൽ ശിക്ഷ ഒഴിവാക്കാൻ താൻ റഷ്യൻ സൈന്യത്തിൽ ചേർന്നെന്നു സമ്മതിക്കുന്നതും കാണാം. യുക്രയിനിലെ റഷ്യന്‍ അധിനിവേശത്തിനായി മോസ്കോ ഉപയോഗിക്കുന്ന ‘പ്രത്യേക സൈനിക ഓപ്പറേഷൻ’ ടീമിലാണ് ഹുസൈന്‍ ചേര്‍ന്നത്. കരാര്‍ ഒപ്പിട്ടെങ്കിലും തനിക്ക് അവിടെ നിന്നും രക്ഷപ്പെടണമായിരുന്നുവെന്നും ഹുസൈന്‍ പറയുന്നു.
ഒക്ടോബർ ഒന്നിന് യുദ്ധത്തിനു അയക്കുന്നതിന് മുൻപ് 16 ദിവസത്തെ അടിസ്ഥാന പരിശീലനം മാത്രമാണ് ലഭിച്ചതെന്ന് ഹുസൈൻ വിവരിക്കുന്നു. തന്റെ കമാൻഡറുമായി അഭിപ്രായവ്യത്യാസമുണ്ടായതിന് ശേഷം കീഴടങ്ങാൻ തീരുമാനിച്ചെന്നും കുറച്ചകലെ യുക്രയിന്‍ ട്രഞ്ച് പൊസിഷന്‍ കണ്ടെന്നും തനിക്ക് യുദ്ധം ചെയ്യാന്‍ താല്‍പര്യമില്ലെന്നുപറഞ്ഞ് കീഴടങ്ങിയെന്നും ഹുസൈന്‍ പറയുന്നു. റഷ്യയിലേക്ക് മടങ്ങില്ലെന്നും അവിടെ സത്യമില്ലെന്നും യുക്രയിനിലെ ജയിലില്‍ അടച്ചാലും കുഴപ്പമില്ലെന്നും ഇയാള്‍ പറയുന്നു.
ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ റഷ്യൻ സൈന്യത്തിൽ ചേരാൻ റിക്രൂട്ട് ചെയ്യുകയോ നിർബന്ധിതരാക്കപ്പെട്ട് എത്തിക്കുകയോ ചെയ്തതായും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. , റഷ്യൻ സൈന്യത്തിൽ നിലവിൽ സേവനമനുഷ്ഠിക്കുന്ന 27 ഇന്ത്യക്കാരെ മോചിപ്പിക്കാനും തിരിച്ചയക്കാനും കഴിഞ്ഞ മാസം ഇന്ത്യ മോസ്കോയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. 2022-ൽ യുദ്ധം ആരംഭിച്ചത് മുതൽ 150-ൽ അധികം ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് ഔദ്യോഗിക കണക്കുകൾ പറയുന്നു.