സ്തന ശസ്ത്രക്രിയ നടത്തിയെന്ന് സംശയിക്കുന്ന സ്ത്രീകൾക്കെതിരെ ശിക്ഷാ നടപടികളുമായി ഉത്തരകൊറിയൻ ഭരണകൂടം. സ്തന ഇംപ്ലാന്റുകൾ മുതലാളിത്തത്തിന്റെ ഭാഗമാണെന്നും സോഷ്യലിസത്തിന് എതിരാണെന്നും കണ്ടാണ് നടപടി. കുറ്റക്കാരെന്ന് കണ്ടെത്തുന്ന സ്ത്രീകളും ശസ്ത്രക്രിയ നടത്തുന്ന ഡോക്ടർമാരും നടപടി നേരിടേണ്ടി വരും. ശരീരത്തിൽ മാറ്റങ്ങൾ പ്രകടമായ സ്ത്രീകളെ കണ്ടെത്താൻ പരിശോധന നടത്തുമെന്നും ഉത്തരവുണ്ട്. ഉത്തരകൊറിയയിൽ സൗന്ദര്യ വർധനയ്ക്കായുള്ള ശസ്ത്രക്രിയകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
അടുത്തിടെ സ്തന സൗന്ദര്യം വർധിപ്പിക്കാൻ ശസ്ത്രക്രിയ നടത്തിയ രണ്ട് സ്ത്രീകളെയും ഡോക്ടറെയും നിയമനടപടിക്ക് വിധേയരാക്കിയിരുന്നു. 20 വയസ്സുള്ള യുവതികളാണ് നടപടി നേരിട്ടതെന്ന് ദക്ഷിണ കൊറിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യുവാക്കളുടെ മുടിവെട്ടുന്നതിന് ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കിങ് ജോങ് ഉന്നിന്റെ കീഴിൽ കടുത്ത നിയന്ത്രണങ്ങളാണ് ഉത്തരകൊറിയയിൽ നടപ്പിലാക്കിയിട്ടുള്ളത്.