erol-musk

TOPICS COVERED

ഇലോണ്‍ മസ്ക്കിന്റെ പിതാവിനെതിരെ ലൈംഗികചൂഷണ ആരോപണം. മക്കളേയും ദത്തുമക്കളേയുമുള്‍പ്പെടെ ഇറോള്‍ മസ്ക് അഞ്ച് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് ആരോപണം. എന്നാല്‍ ആരോപണം കള്ളവും ശുദ്ധ അസംബന്ധവുമെന്ന് ഇരോള്‍ മസ്ക് പ്രതികരിച്ചു. ഇന്നലെ ന്യൂയോര്‍ക്ക് ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

കത്തുകളുടേയും ഇമെയിലുകളുടേയും നിയമരേഖകളുടേയും മസ്ക്കിന്റെ കുടുംബാംഗങ്ങളുമായുള്ള അഭിമുഖങ്ങളുടേയും അടിസ്ഥാനത്തിലാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. രണ്ടാംഭാര്യയുടെ നാലുവയസുകാരി മകളെ ഉള്‍പ്പെടെ ഇരോള്‍ ഉപദ്രവിച്ചുവെന്നാണ് ബന്ധുക്കള്‍ വെളിപ്പെടുത്തിയത്. വര്‍ഷങ്ങള്‍ക്കു ശേഷം ഈ മകള്‍ തന്നെ വീണ്ടും ആരോപണവുമായി രംഗത്തുവന്നിരുന്നു. ഇരോള്‍ ഒരു ദിവസം തന്റെ അലക്കാനിട്ട അടിവസ്ത്രമെടുത്ത് മുഖത്തോട് ചേര്‍ക്കുന്നത് കണ്ടെന്നും ഗന്ധം ആസ്വദിക്കുന്നത് കണ്ടെന്നും കുട്ടി പറയുന്നു. 

മറ്റു രണ്ടു പെണ്‍മക്കളും രണ്ടാംഭാര്യയുടെ മകനും സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങളെക്കുറിച്ച് മൂന്ന് അന്വേഷണങ്ങൾ ആരംഭിച്ചതായും റിപ്പോർട്ടില്‍ പറയുന്നുണ്ട്. രണ്ടു കേസുകളില്‍ നടപടികളില്ലാതെ അവസാനിപ്പിച്ചു, മൂന്നാമത്തേതിന്റെ സ്ഥിതി ഇപ്പോഴും തീർപ്പായിട്ടില്ല.

ഈ ആരോപണങ്ങളെല്ലാം നിഷേധിച്ച ഇറോള്‍ മസ്ക് ബന്ധുക്കള്‍ക്ക് പണം തട്ടാനുള്ള തന്ത്രമാണിതെന്നും പറയുന്നു. ഇലോൺ മസ്‌കിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുന്നതിനായി ബന്ധുക്കൾ കുട്ടികളെ സ്വാധീനിക്കുകയാണെന്നും പ്രതികരണം. അതേസമയം തന്റെ പിതാവിനെക്കുറിച്ച് ഇലോണ‍്‍ മസ്ക് അപൂര്‍വ്വമായി മാത്രമേ സംസാരിക്കാറുള്ളൂവെന്നും റിപ്പോര്‍ട്ട്‍ വ്യക്തമാക്കുന്നു. 

മൂന്ന് വിവാഹങ്ങളിൽ നിന്നായി കുറഞ്ഞത് ഒമ്പത് മക്കളും വളർത്തുമക്കളുമുള്ള ഇറോള്‍ മസ്‌ക് കുടുംബത്തിന്റെ പൂര്‍ണ അധികാരം കയ്യാളുന്ന അവസ്ഥയാണ്. കുട്ടിക്കാലത്തെ പിതാവുമായുള്ള ബന്ധം വളരെ മോശമായിരുന്നെന്ന് മുന്‍ അഭിമുഖങ്ങളില്‍ ഇലോണ്‍ മസ്ക് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പത്താം വയസ്സിൽ താൻ പിതാവിനൊപ്പം താമസിക്കാൻ പോയെന്നും എന്നാൽ സഹോദരങ്ങളായ കിംബലും ടോസ്കയും അമ്മയോടൊപ്പം താമസിച്ചുവെന്നും മസ്‌ക് പറയുന്നുണ്ട്. പക്ഷേ അതൊരു നല്ല ആശയമായിരുന്നില്ലെന്നും ഇലോണ്‍ അന്ന് പറഞ്ഞതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ENGLISH SUMMARY:

Errol Musk is facing serious allegations of sexual abuse involving his children and stepchildren. He denies all accusations, claiming they are attempts to extort money from Elon Musk.