TOPICS COVERED

 ഓപ്പറേഷന്‍ ടേബിളില്‍ രോഗിയെ മയക്കിക്കിടത്തി നഴ്സുമായി ലൈംഗികബന്ധത്തിലേ‍ര്‍പ്പെട്ട പാക്കിസ്ഥാന്‍ സ്വദേശിയായ ഡോക്ടര്‍ കുറ്റക്കാരനാണെന്ന് യുകെയിലെ മെഡിക്കല്‍ ട്രൈബ്യൂണല്‍ . ഗ്രേറ്റര്‍ മാഞ്ചെസ്റ്ററിലെ ടേംസൈഡ് ആശുപത്രിയിലാണ് സംഭവം. ഡോക്ടറും നഴ്സുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് മറ്റൊരു നഴ്സ് കണ്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

44കാരനായ പാക്കിസ്ഥാന്‍ സ്വദേശി സുഹൈല്‍ അന്‍ജും കുറ്റക്കാരനാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. 2023 സെപ്റ്റംബറിൽ നടന്ന ഈ സംഭവം ഒരു ഫിറ്റ്നസ് ടു പ്രാക്ടീസ് ഹിയറിങ്ങിലാണ് വാര്‍ത്തയാവുന്നത്. സംഭവത്തിനു ശേഷം പാക്കിസ്ഥാനില്‍ താമസിക്കുകയായിരുന്ന ഡോക്ടര്‍ അന്‍ജും യുകെയില്‍ വീണ്ടും ജോലിക്ക് അപേക്ഷിച്ചതിനെത്തുടര്‍ന്നാണ് ഹിയറിങ് വന്നത്. മാഞ്ചസ്റ്ററില്‍ നടന്ന ഹിയറിങ്ങില്‍ ജനറൽ മെഡിക്കൽ കൗൺസിൽ അന്‍ജുമിനെതിരെ ഹാജരാക്കിയ തെളിവുകള്‍ ഡോക്ടര്‍ തള്ളിപ്പറഞ്ഞില്ലെന്നു മാത്രമല്ല തന്‍റെ പെരുമാറ്റം അങ്ങേയറ്റം ലജ്ജാകരമായിരുന്നുവെന്നും സമ്മതിച്ചു.

കണ്‍സല്‍ട്ടന്‍റ് അനസ്തെറ്റിസ്റ്റായ തനിക്ക് ഒരു ഇടവേള വേണമെന്നാവശ്യപ്പെട്ടാണ് ഓപ്പറേഷന്‍ ടേബിളിലെ രോഗിയെ മറ്റൊരു നഴ്സിനോട് നോക്കാനാവശ്യപ്പെട്ട് ഡോക്ടര്‍ മറ്റൊരു തിയറ്ററിലേക്ക് പോയത്. ഏകദേശം എട്ടുമിനിറ്റോളം മാറിനിന്ന ഡോക്ടര്‍ അഞ്ജും മറ്റൊരു നഴ്സുമായി ശാരീരികബന്ധത്തിലേര്‍പ്പെടുന്നത് സഹപ്രവര്‍ത്തക കാണുകയായിരുന്നു. ശേഷം തിരികെ വന്ന് തന്‍റെ ജോലികള്‍ പൂര്‍ത്തിയാക്കിയെന്നും ട്രൈബ്യൂണല്‍ പറയുന്നു. അതേസമയം സെപ്റ്റംബര്‍ 16ന് അനസ്തെറ്റിസ്റ്റ് എന്ന നിലയില്‍ അഞ്ചു കേസുകളാണ് ഡോക്ടര്‍ അന്‍ജുമിന് അറ്റന്‍ഡ് ചെയ്യാനുണ്ടായിരുന്നത്. എന്നാല്‍ മൂന്നാമത്തെ രോഗിയെ തിയറ്ററിലാക്കിയ സമയത്താണ് ഇയാള്‍ ഇടവേളയെടുത്തു പോയതെന്ന് ട്രൈബ്യൂണല്‍ പ്രതിനിധി ആന്‍ഡ്ര്യൂ മോളോയ് പറയുന്നു.

ഡോക്ടര്‍ ഇല്ലാതിരുന്ന സമയത്ത് ടേബിളിലുണ്ടായിരുന്ന രോഗിക്ക് ഒന്നും സംഭവിച്ചില്ലെങ്കില്‍ പോലും ഡോക്ടറുടെ പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നും ട്രൈബ്യൂണല്‍ കണ്ടെത്തി. യുകെയിൽ തന്‍റെ കരിയർ പുനരാരംഭിക്കാൻ ആഗ്രഹിക്കുന്നുവെന്നും ചെയ്തുപോയ തെറ്റ് ഇനി ആവര്‍ത്തിക്കില്ലെന്നും ഡോ അഞ്ജും ട്രൈബ്യൂണലിനോട് പറഞ്ഞു. തന്‍റെ തെറ്റ് സമ്മതിക്കുന്നുവെന്നും സഹപ്രവര്‍ത്തകര്‍ക്കും ആശുപത്രിക്കും നാണക്കേടുണ്ടാക്കുന്ന അവസ്ഥയാണ് താന്‍ സൃഷ്ടിച്ചതെന്നും ഇയാള്‍ സമ്മതിക്കുന്നു. എല്ലാവരോടും താന്‍ മാപ്പ് ചോദിക്കുന്നുവെന്നും ഡോക്ടര്‍ പറയുന്നു.

കുടുംബത്തില്‍ സമ്മര്‍ദ്ദം നിറഞ്ഞ ഒരു സാഹചര്യത്തിലായിരുന്നു ആ തെറ്റ് സംഭവിച്ചതെന്നും തന്റെ മകളുടെ മാസം തികയാത്ത ജനനത്തിനു ശേഷം ഭാര്യയുമായി ദമ്പതികളെന്ന രീതിയില്‍ ബന്ധപ്പെടാന്‍ കഴിയാതെ വന്ന സാഹചര്യമായിരുന്നുവെന്നാണ് ഡോക്ടര്‍ ട്രൈബ്യൂണലിനു മുന്‍പില്‍ നല്‍കിയ കാരണം. കേസിലെ വാദം വെള്ളിയാഴ്ച്ച തുടങ്ങാനിരിക്കേയാണ് ഡോക്ടറുടെ കുറ്റസമ്മതം.

ENGLISH SUMMARY:

Doctor misconduct case involves a doctor engaging in inappropriate behavior in the operation theatre. This incident has raised serious concerns about patient safety and professional ethics within the medical community.