വന്‍ കലാപത്തിന് വഴിയൊരുക്കിയ സമൂഹമാധ്യമ വിലക്ക് പിന്‍വലിച്ച് നേപ്പാള്‍ സര്‍ക്കാര്‍. ജെന്‍സി പ്രക്ഷോഭം ആളിപ്പടര്‍ന്നതോടെയാണ് തീരുമാനം. പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ കലാപത്തില്‍ 19 പേര്‍ കൊല്ലപ്പെടുകയും മുന്നൂറിലധികംപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അടിയന്തര മന്ത്രിസഭായോഗം ചേര്‍ന്ന്, സമൂഹമാധ്യമ വിലക്ക് പിന്‍വലിക്കാന്‍ തീരുമാനിച്ചതായി വാര്‍ത്താവിനിമയ മന്ത്രി പൃഥ്വി സുബ്ബ ഗുരുങ് അറിയിച്ചു. യുവാക്കള്‍ പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. മൂന്നുദിവസം മുന്‍പാണ് ഫെയ്സ്ബുക്കും എക്സും ഉള്‍പ്പെടെ 26 സമൂഹമാധ്യമങ്ങള്‍ക്ക് നേപ്പാള്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്.
ജെന്‍ സി വിപ്ലവം എന്ന പേരില്‍ ആയിരക്കണക്കിന് യുവാക്കള്‍ സംഘടിച്ചെത്തിയതോടെ കാഠ്മണ്ഡു നഗരം കലാപഭൂമിയാവുകയായിരുന്നു. പാര്‍ലമെന്‍റ് മന്ദിരത്തിന് സമീപം പ്രതിഷേധക്കാരെ തടയാന്‍ ശ്രമിച്ചെങ്കിലും ബാരിക്കേഡ് മറികടന്ന് യുവാക്കള്‍ അകത്തുകയറി. പ്രധാനമന്ത്രിയുടെ ഓഫിസനടുത്തുവരെ എത്തി. ഇതോടെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. സ്ഥിതി നിയന്ത്രണാതീതമായതോടെ വെടിയുതിര്‍ക്കുകയായിരുന്നു.
സംഘര്‍ഷം മറ്റിടങ്ങളിലേക്കും വ്യാപിച്ചു. കാഠ്മണ്ഡുവിലും തന്ത്രപ്രധാന മേഖലകളിലും കര്‍ഫ്യു പ്രഖ്യാപിച്ചു. നഗരത്തിന്‍റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. അഴിമതി മറയ്ക്കാനാണ് സമൂഹമാധ്യമ നിരോധനം കൊണ്ടുവന്നതെന്നും അംഗീകരിക്കില്ലെന്നും പ്രതിഷേധക്കാര്‍ വാദിച്ചു. ഈ മാസം നാലിനാണ് ഫെയ്ബുക്കും ഇന്‍സ്റ്റഗ്രാമും യൂട്യൂബും എക്സുമടക്കം 26 സമൂഹമാധ്യമങ്ങള്‍ക്ക് കെ.പി.ശര്‍മ ഒലി സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. രാജ്യത്തിന്‍റെ നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനിടെ നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യ നിരീക്ഷണം വര്‍ധിപ്പിച്ചു. അനധികൃതമായി ആളുകള്‍ അതിര്‍ത്തി കടക്കാതിരിക്കാനാണ് സുരക്ഷ കൂട്ടിയത്.